ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് കോടിയേരി ബാലകൃഷ്ണന്‍

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തീരുമാനത്തില്‍ പങ്കാളിയായവര്‍ക്കുള്ള മറുപടിയാണ് സിപിഐഎമ്മിന്റെ പ്രസ്താവന. അമ്മയിലെ ഇടത് പ്രതിനിധികള്‍ സിപിഐഎം അംഗങ്ങളല്ല. അതിനാല്‍ വിശദീകരണം തേടേണ്ടതില്ല. സിപിഐഎമ്മിന്റെ നിലപാട് വളച്ചൊടിക്കേണ്ടതില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ കോടിയേരി പിന്തുണച്ചു. മോഹന്‍ലാലിനെതിരായ അക്രമോത്സുകമായ പ്രതിഷേധം തെറ്റാണ്. മോഹന്‍ലാലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെതിരെ വിമര്‍ശനവുമായി സിപിഐഎം രംഗത്ത് വന്നിരുന്നതാണ്. ‘അമ്മ’യുടെ നടപടി തെറ്റെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്. സിപിഐഎം ഇരയ്‌ക്കൊപ്പമാണ്. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കിയിരുന്നു. അമ്മയുടെ നടപടി അമ്മ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉണ്ടാക്കി. സംഘടനാ ഭാരവാഹികള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. അതേസമയം അമ്മയിലുള്ള ഇടത് ജനപ്രതിനിധികളെ ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നും സിപിഐഎം ആരോപിച്ചു.

ഇടതുപക്ഷ നേതാക്കളായ എം.സി ജോഫസൈന്‍, ജി. സുധാകരന്‍, ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ അമ്മയില്‍ അംഗങ്ങളായ ഇടതു നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇടതുപക്ഷ നിലപാടുകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റാത്ത തീരുമാനമാണ് അമ്മ കൈക്കൊണ്ടിട്ടുള്ളതെന്നും അതിനാല്‍ സംഘടനയുടെ ഭാഗമായ ഇടത് എം.എല്‍.എമാര്‍ നിലപാട് വ്യക്തമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇടതുനേതാക്കളുടെ ഈ നിലപാട് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമാണെന്നാണ് ഗണേഷ് കുമാര്‍ വ്യാഖ്യാനിച്ചത്. ഇടവേള ബാബുവിന് വാട്‌സ്ആപ്പില്‍ അയച്ച ശബ്ദ സന്ദേശത്തില്‍ഗണേഷ് കുമാര്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചിരുന്നു.രാഷ്ട്രീയക്കാരുടെ വിമര്‍ശനം ചാനലുകളില്‍ പേര് വരാന്‍ വേണ്ടിയാണെന്നും വിമര്‍ശിച്ചവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നുമായിരുന്നു ഗണേഷ് പറഞ്ഞത്.
അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരെയും ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചു . രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ് ഷോയിലും ഇവര്‍ സഹകരിച്ചില്ല. മാധ്യമങ്ങള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഈ വര്‍ത്തകള്‍ അവസാനിപ്പിക്കും. പത്രവാര്‍ത്തയും ഫെയ്‌സ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുതെന്നും ഗണേഷ് പറഞ്ഞു.

‘അമ്മ’യൊരു രാഷ്ട്രീയ സംഘടനയല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയ്ക്ക് പൊതുജനപിന്തുണയൊന്നും വേണ്ട. ജനങ്ങളുടെ കയ്യടി നേടാന്‍ വേണ്ടി നടത്തുന്ന സംഘടനയൊന്നുമല്ല അമ്മയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നമ്മുടെ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംഘടനയാണ്. ഒന്നിനോടും പ്രതികരിക്കരുതെന്നും സന്ദേശത്തില്‍ ഗണേഷ് പറയുന്നു.