സംവിധായകരും നിര്‍മ്മാതാക്കളും ഇവന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും; വേണേല്‍ കൂട്ടീം കൊടുക്കും; വെട്ടിത്തുറന്ന് പറഞ്ഞ് അമ്മയുടെ കണ്ണിലെ ആദ്യ കരടായത് ജഗതി ശ്രീകുമാര്‍

ചട്ടമ്പികല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ തുടങ്ങി വെറും ഒരു കൊമേഡിയന്‍ എന്ന നിലയില്‍ നിന്നും തന്റേതായ കഴിവുകളിലൂടെ അതുല്യ നടനായി വളര്‍ന്ന പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. മൂന്ന് പതിറ്റാണ്ടോളം മലയാള സിനിമയുടെ അനിവാര്യതയായിരുന്നു ഈ നടന്‍. 1500 ഓളം സിനിമകളില്‍ അഭിനയിച്ച നടന്‍ ഇന്ന് വിശ്രമത്തിലാണ്.

2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതര പരിക്കുപറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. മലയാള സിനിമ തിരിച്ചുവരാനായി പ്രാര്‍ത്ഥിക്കുന്ന അതുല്യനടന്‍. എന്നാല്‍ ഈ നടനായിരുന്നു അമ്മയുടെ ആദ്യ ഇര. താര സംഘടനയുടെ അച്ചടക്ക നടപടി നേരിട്ട ആദ്യ നടന്‍. അതിന് ശേഷമായിരുന്നു തിലകന്‍ അമ്മയുടെ കണ്ണിലെ കരടായത്.

മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെയായിരുന്നു ജഗതി പ്രതികരിച്ചത്. തിരുവനന്തപുരത്ത് മനോരമയിലെ റിപ്പോര്‍ട്ടറായിരുന്ന വി ഉണ്ണിക്കൃഷ്ണനാണ് ഫെയ്‌സ് ബുക്കിലൂടെ ജഗതിക്കെതിരായ നടപടി ചര്‍ച്ചയാക്കുന്നത്. അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ:

1998 ല്‍ മാട്ടുപ്പെട്ടി മച്ചാന്‍ എന്ന സിനിമ അപ്രതീക്ഷിത തിയറ്റര്‍ കളക്ഷന്‍ നേടുന്നു. ഇന്റര്‍നെറ്റും മൊബൈലും ഇല്ലാത്ത ആ കാലത്ത് ആ സിനിമ ഇരുപത്തി അഞ്ചാം ദിവസം പൂര്‍ത്തിയാക്കിയത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മന്നം മെമോറിയല്‍ നാഷനല്‍ ക്ലബില്‍ ഒരു പത്ര സമ്മേളനം വിളിക്കുന്നു. നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിവര്‍ക്കൊപ്പം അമ്പിളി ചേട്ടന്‍, മുകേഷ് തുടങ്ങി കുറേപ്പേരും പങ്കെടുക്കുന്നു. സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വച്ച് കഴിഞ്ഞപ്പോള്‍ അമ്ബിളിച്ചേട്ടന്‍ മൈക്കെടുത്തു. എനിക്ക് ചിലത് പറയാനുണ്ട്. ‘ ഇത് പറഞ്ഞാല്‍ എന്നെ ഇവന്മാര്‍ ഉണ്ടാക്കി കളയും.ഇതായിരുന്നു ജഗതിയുടെ തുടക്കം. പിന്നെ കത്തികയറി.

എനിക്ക് പുല്ലാണ്. നസീര്‍ സാറിന്റെ കാലത്ത് തുടങ്ങിയതാണ്. പിമ്പ് മുതല്‍ പ്രിന്‍സ് വരെയുള്ള വേഷം കെട്ടിയിട്ടുണ്ട്. അന്ന് എന്താ സ്ഥിതി. നിര്‍മ്മാതാവും സംവിധായകനും കല്‍പിക്കും. ബാക്കി എല്ലാവരും അനുസരിക്കും. ഇപ്പോഴോ, ഇവന്മാര്‍ അഞ്ച് പേര്‍ കല്‍പ്പിക്കും, ബാക്കി എല്ലാരും കേട്ടോണ്ട് നിന്നോണം. (മുകേഷിനെ ചൂണ്ടി) ഇവനുണ്ട്. പിന്നെ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം. അവര്‍ തീരുമാനിക്കും ഏത് കഥ വേണം. ആര് തിരക്കഥ എഴുതണം. ആരൊക്കെ അഭിനയിക്കണം. അല്ലാത്തവനൊക്കെ പുറത്ത്.
സംവിധായകരും നിര്‍മ്മാതാക്കളും ഇവന്മാര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും. വേണേല്‍ കൂട്ടീം കൊടുക്കും. അടുത്ത ദിവസം മനോരമ, മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ അത് അമ്പിളി ചേട്ടന്‍ പറഞ്ഞ പോലെ അച്ചടിച്ച് വന്നു. തുടങ്ങിയില്ലേ കലാപം?

മധു സാറാണ് അന്ന് അമ്മ പ്രസിഡന്റ്. ടി.പി.മാധവന്‍ സെക്രട്ടറിയും. അമ്പിളി ചേട്ടനെ അമ്മ വിലക്കി. മാപ്പ് ചോദിക്കണമെന്നാണ് ആവശ്യം. എന്റെ പട്ടി ചോദിക്കും മാപ്പ് എന്നായിരുന്നു ലാന്‍ഡ് ഫോണില്‍ വിളിക്കുമ്‌ബോഴെല്ലാം അമ്പിളി ചേട്ടന്റെ നിലപാട്. ഏതാനും ആഴ്ചകള്‍ അത് നീണ്ടു. പിന്നീട് കണ്ടത് അമ്മയുടെ ഓഫിസില്‍ നിന്ന് മധു സാര്‍ ഒപ്പിട്ട ഒരു ഫാക്‌സ് സന്ദേശമാണ്. ‘ സ്വകാര്യ സംഭാഷണങ്ങളില്‍ പോലും അമ്മയുടെ ഒരു അംഗവും മറ്റൊരു അംഗത്തിനെതിരെ സംസാരിക്കില്ല’ എന്നായിരുന്നു ആ ഫാക്‌സിലെ ഒരു വാചകം. അതോടെ എല്ലാ പ്രശ്‌നും തീര്‍ന്നു. അമ്മയെ ചോദ്യം ചെയ്തതിന് ജഗതിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. അഭിനയിക്കാനുള്ള മോഹം കാരണം ജഗതി പിന്നീട് സംഘടനയ്ക്ക് വഴങ്ങി. അതിന് ശേഷമാണ് തിലകന്‍ അമ്മയുടെ കണ്ണിലെ കരടായത്. തിലകനെ ജീവിതാവസാനം വരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതു കൊണ്ട് പീഡിപ്പിച്ചു. ഇതിന് നേതൃത്വം നല്‍കിയത് ദിലീപാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അമ്മയുടെ സഹകരിക്കാന്‍ തുടങ്ങിയ ശേഷം ജഗതി ഒരിക്കലും ഇത് വിവാദമാക്കിയില്ല. പിന്നീട് വിതുര പെണ്‍വാണിഭ കേസില്‍ കുടുങ്ങി. അവിടെ കുറ്റവിമുക്തിയും നേടി. അപ്പോഴും അമ്മ ആദ്യമെടുത്ത അച്ചടക്ക നടപടി ജഗതിയെ വേദനിപ്പിച്ചിരുന്നു. ജഗതിയുടെ ലോകം സിനിമയാണ്. അവിടെയുള്ള സഹപ്രവര്‍ത്തകരാണ് ഇഷ്ടജനങ്ങള്‍. അതുകൊണ്ട് തന്നെ സിനിമയ്ക്ക് അപ്പുറം ഒരു ലോകം ജഗതിക്ക് ആലോചിക്കാന്‍ പോലും കാണുമായിരുന്നില്ല. ഇതിനൊപ്പം ജഗതിക്കുപകരം ജഗതിയല്ലാതെ ഒരു പകരക്കാരനെ ഇന്ത്യന്‍ സിനിമയില്‍ നിന്നുകിട്ടാനില്ല എന്ന് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ചിന്തയും കാര്യങ്ങളെ ഒത്തുതീര്‍പ്പിലെത്തിച്ചു. സെല്‍ഫോണില്ലാതെ ഏതുസെറ്റിലും സമയകൃത്യതയോടെ എത്തിച്ചേരുന്ന, വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയിലഭിനയിക്കുന്ന, ഫാന്‍സുകാരില്ലാത്ത, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ജഗതി ശ്രീകുമാര്‍ അങ്ങനെ അമ്മയ്ക്കും വിധേയനായി. സംഘടനയുടെ അച്ചടക്കം പാലിച്ച് മുന്നോട്ട് പോയി.

ഹാസ്യതാരത്തിന്റെ മേല്‍വിലാസത്തിനപ്പുറം വെള്ളിവെളിച്ചത്തിന്റെ താരശോഭയ്ക്കപ്പുറം പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ഒരു വികാരമാണ് ജഗതി ശ്രീകുമാര്‍. ഈ തിരിച്ചറിവിനൊപ്പം തങ്ങളുടെ സിനിമകള്‍ കാണാന്‍ ജഗതിയുടെ അനിവാര്യതയും സൂപ്പര്‍താരങ്ങള്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് കടുത്ത വാക്കുകളിലൂടെ അമ്മയെ പ്രകോപിപ്പിക്കുന്ന സത്യം വിളിച്ചു പറഞ്ഞിട്ടും ജഗതിയെ ഉള്‍ക്കൊള്ളാന്‍ സിനിമയിലെ രാജാക്കന്മാര്‍ തയ്യാറായത്. അല്ലെങ്കില്‍ ജഗതിയുടെ കരിയറും അവിടെ അവസാനിക്കുമായിരുന്നു.

അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ 3-ാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ കുറച്ചു കാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയന്‍ എന്ന നിലയില്‍ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമ്മ ജനറല്‍ ബോഡിയില്‍ നടന്ന നീക്കങ്ങളെ ശക്തമായി അപലപിച്ചു കൊണ്ട് സംഘടനയില്‍ കൂടി അംഗത്വമുള്ള മൂന്നു വനിതാ കളക്റ്റിവ് അംഗങ്ങള്‍ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അമ്മയ്ക്ക് പുറത്തു പോയത്. ഇവര്‍ കൂടാതെ കളക്റ്റിവില്‍ ഉള്ള അമ്മ അംഗങ്ങളായ മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവരാണ് അമ്മയ്ക്കുള്ളില്‍ തുടര്‍ന്നു കൊണ്ട് അവരോടു ചര്‍ച്ചയ്ക്കു ശ്രമിക്കുന്നത്.