ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവം: സ്വകാര്യ സൈബര്‍ ഏജന്‍സി അന്വേഷിക്കും

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ കെ.ബി.ഗണേശ് കുമാറിന്റെ ശബ്ദസന്ദേശം ചോര്‍ന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്വകാര്യ സൈബര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച സന്ദേശമാണ് ചോര്‍ന്നത്.

താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങുമെന്നും രാജിവച്ച നടിമാര്‍ ‘അമ്മ’യോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞതാണ് പുറത്ത് വന്നത്. ‘അമ്മ’ക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേശ് കുമാര്‍ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.