തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി

ബാങ്കോക്ക്:തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട സംഘത്തിലെ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഘട്ടം ഘട്ടമായാണ് കുട്ടികളെ പുറത്തെത്തിക്കുന്നത്. സാഹസിക യാത്രക്ക് പോയ സംഘം ഗുഹയില്‍ കുടുങ്ങിയിട്ട് രണ്ടാഴ്ചയായി. പന്ത്രണ്ട് കുട്ടികളും ഫുട്‌ബോള്‍ കോച്ചുമാണ് ഗുഹയില്‍ കുടുങ്ങിയത്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാള്‍ മരിച്ചിരുന്നു. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ സമര്‍ണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്‌സിജന്‍ കിട്ടാതെയാണ് മരണമെന്ന് അധികൃതര്‍ പറഞ്ഞു.

കനത്ത മഴ പെയ്തതോടെ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമം മന്ദഗതിയിലായിരിക്കുകയാണ്. വ്യാഴാഴ്ച ലുവാങ് ഗുഹക്കുള്ളിലെ വെള്ളം നീക്കുകയായിരുന്നു പ്രധാന ജോലി. വ്യാഴാഴ്ച മാത്രം 12.8 കോടി ലിറ്റര്‍ വെള്ളം പമ്ബ് ചെയ്തുകളഞ്ഞു. അതോടെ മണിക്കൂറില്‍ 1.5 സെ.മീ. എന്ന നിലയിലായി ജലനിരപ്പ്.അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്, ഗുഹാമുഖത്തുനിന്ന് ഉള്ളിലേക്ക് 1.5 കി.മീ. വരെ സഞ്ചരിക്കാന്‍ കഴിഞ്ഞു.

ഭക്ഷണവും വെള്ളവും ഗുഹയിലേക്ക് എത്തിച്ചിരുന്നു. ഗുഹ സ്ഥിതിചെയ്യുന്ന ചിയാങ് റായ് പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കന്‍ തായ്‌ലന്‍ഡിലെ 12അംഗ യുവ ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷമാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും ഇവരുടെ കോച്ചും വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായിയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ എത്തിയത്. എന്നാല്‍ ഗുഹയില്‍ പ്രവേശിച്ചതോടെ ശക്തമായ മഴ പെയ്ത് ഗുഹാമുഖത്തിലൂടെ വെള്ളം ഇരച്ചുകയറിയെന്നും ഇവര്‍ ഇതിനകത്ത് കുടുങ്ങിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശനിയാഴ്ചമുതല്‍ കാണാതായ ഇവരെ തേടിയുള്ള തിരച്ചിലിനിടയില്‍ ഗുഹക്ക് പുറത്ത് ഇവരുടെ സൈക്കിളുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കണ്ടെത്തിയതോടെയാണ് ഇവര്‍ ഗുഹയില്‍ അകപ്പെട്ടെന്ന് ഉറപ്പിച്ചത്.