എസ്ഡിപിഐയും ക്യാംപസ് ഫ്രണ്ടും മത തീവ്രവാദ സംഘടനയെന്ന് എം എന്‍ കാരശേരി

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്റെ വധം വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റേയോ കാംപസ് രാഷ്ട്രീയത്തിന്റേയോ കാംപസ് അക്രമങ്ങളുടേയോ ഭാഗമായി കാണാന്‍ കഴിയില്ലെന്ന് എംഎന്‍ കാരശേരി.

എംഎന്‍ കാരശേരിയുടെ വാക്കുകള്‍. .

ക്യാംപസ് ഫ്രണ്ട് ആസൂത്രിതമായി നടത്തിയ കൊലപാതകമാണത്. ഇതിനു ഞാന്‍ കാണുന്ന പ്രധാനപ്പെട്ട തെളിവ് കാംപസ് ഫ്രണ്ടിന്റെ ഒരു പ്രവര്‍ത്തകനും പരുക്കു പറ്റിയിട്ടില്ല എന്നതാണ്. ഈ കൊലക്കേസിലെ ഒരു പ്രതിക്ക് 37 വയസ്സായി എന്നു പറഞ്ഞാല്‍ അയാള്‍ വിദ്യാര്‍ഥിയല്ല എന്നാര്‍ക്കും മനസ്സിലാവും. മറ്റൊരു കാര്യം പാതിരാത്രി രണ്ടര മണിക്കാണ് ഈ സംഭവം. കോളജില്‍ വിദ്യാര്‍ഥികളുടെ എന്തെങ്കിലും പ്രവര്‍ത്തനം നടക്കുന്ന സമയമല്ലയിത്. പിന്നെ പൊലിസെത്തും മുന്നെ ക്യാംപസ് ഫ്രണ്ടിന്റെ കൊളജിലെ പ്രധാന പ്രവര്‍ത്തകന്‍ അറബി വിഭാഗത്തിലെ വിദ്യാര്‍ഥി മുഹമ്മദ് ഒളിവില്‍ പോയി എന്നത് ശ്രദ്ധിക്കണം.

അദ്ദേഹം കേസില്‍ പങ്കാളിയാണ് എന്ന് എസ്.എഫ്.ഐക്കാരോ കണ്ടുനിന്നവരോ പൊലിസോ പറയും മുന്‍പേ മുഹമ്മദ് ഒളിവില്‍ പോയത് എന്തിനാണ്. ഒരു മതതീവ്രവാദ സംഘടനയാണ് എസ്.ഡി.പി.ഐ. അവരുടെ വിദ്യാര്‍ഥി വിഭാഗമാണ് ക്യാംപസ് ഫ്രണ്ട്. രണ്ടും തമ്മില്‍ ബന്ധമില്ലായെന്ന് രണ്ടു കൂട്ടരും പറയുന്നു. എങ്കില്‍ പിന്നെ ഏറ്റുമുട്ടലില്‍ ആത്മരക്ഷാര്‍ഥമാണ് ക്യാംപസ് ഫ്രണ്ടുകാര്‍ അക്രമിച്ചതെന്ന് കൊലപാതകത്തെ എസ്.ഡി.പി.ഐ ന്യായീകരിക്കുന്നത് എന്തിനാണ്.

തെരഞ്ഞെടുപ്പുകളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ബാനറും പിടിച്ച് പ്രചാര വേല നടത്തിയതിന്റെ ഫോട്ടോകളും വിവരങ്ങളും നവമാധ്യമങ്ങളില്‍ സുലഭമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അഭിമന്യുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയും. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു സ്വന്തം സാന്നിധ്യം അടയാളപ്പെടുത്തുവാന്‍ വേണ്ടി എസ്.ഡി.പി.ഐ നടത്തിയ ഒരു അക്രമ പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ ഈ സംഭവത്തെ കാണുന്നത്.

പരിസ്ഥിതി പ്രശ്‌നം, ദലിത് പ്രശ്‌നം, ആദിവാസി പ്രശ്‌നം തുടങ്ങി അനേകം വിഷയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എസ്.ഡി.പി.ഐ അതു അവരുടെ മതതീവ്രവാദപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയായി ഉപയോഗിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും നാട്ടുകാരും തിരിച്ചറിയണം. ഇനി ഒരു തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ഈ വസ്തുതകള്‍ ഇടതുപക്ഷമോ വലതുപക്ഷമോ മറന്നു പോവരുതെന്നും കാരശേരി വ്യക്തമാക്കി.