ഉമ്മന്‍ ചാണ്ടിയെ എതിരേറ്റത്‌ കരിങ്കൊടിയും കല്ലേറും!!

പി .ടി .ചാക്കോ
മുഖ്യമന്ത്രി പിണറായി വിജയന്റെ ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ട്‌ സന്ദര്‍ശനം വിവാദത്തിലായിരിക്കുകയാണല്ലോ. മുഖ്യമന്ത്രി അവിടം സന്ദര്‍ശിക്കുകയും തുടര്‍ന്ന്‌ ഒരു മെമെന്റോ നല്‌കുകയുമാണ്‌ ചെയ്‌തതെന്ന്‌ ഇന്‍സ്‌റ്റിറ്റിയൂട്ടിന്റെ പത്രക്കുറിപ്പ്‌. ഇതാണ്‌ മുഖ്യമന്ത്രിക്ക്‌ അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ചെന്ന മട്ടില്‍ പാണന്മാര്‍ പാടിനടക്കുന്നത്‌.

ഇതുപോലൊരു കേരള മുഖ്യമന്ത്രി 2013ല്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവന അവാര്‍ഡ്‌ ഏറ്റുവാങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലമാണ്‌ എനിക്കിപ്പോള്‍ ഓര്‍മ വരുന്നത്‌.
ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കാണ്‌ അന്ന്‌ അവാര്‍ഡ്‌ ലഭിച്ചത്‌. രാജ്യത്ത്‌ ഒരു മുഖ്യമന്ത്രിക്ക്‌ ആദ്യമായി കിട്ടിയ ആദരം. ബഹ്‌റനില്‍ വച്ച്‌ ഐക്യരാഷ്ട്രസംഘടനയുടെ വര്‍ണശബളമായ പരിപാടില്‍ വച്ചാണ്‌ ഉമ്മന്‍ ചാണ്ടി അവാര്‍ഡ്‌ ഏറ്റുവാങ്ങിയ്‌ത്‌. ബഹ്‌റിന്‍ രാജാവും കിരീടവകാശിയും യുഎന്‍ അണ്ടര്‍ സെക്രട്ടറിയും ലോകമെമ്പാടും നിന്ന്‌ എത്തിയ അവാര്‍ഡ്‌ ജേതാക്കളും നിരന്നു നിന്ന വേദിയെ സാക്ഷി നിര്‍ത്തിയായിരുന്നു അത്‌. മനാലിയിലെ നാഷണല്‍ തിയേറ്ററില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ബഹ്‌റിനിലായിരുന്നതിനാല്‍ ധാരാളം മലയാളികളും സദസില്‍ ഉണ്ടായിരുന്നു.

അവാര്‍ഡിന്റെ എന്‍ട്രി മുതലുള്ള ഘട്ടം മുതല്‍ ഐക്യരാഷ്ട്രസംഘടനയുമായി അടുത്ത്‌ ഇടപെട്ട വ്യക്തികല്‍ എന്ന നിലയില്‍ എനിക്കും അസി. പ്രൈവറ്റ്‌ സെക്രട്ടറി ജോജി ജേക്കബിനും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചുള്ള വിവരണത്തോടെ അദ്ദേഹത്തിന്‌ അവാര്‍ഡ്‌ നല്‌കിയപ്പോള്‍ ഉയര്‍ന്ന കരഘോഷം ഇപ്പോഴും കാതിലുണ്ട്‌.

ത്രിതല പരിശോധനയും വിലയിരുത്തലും ഉള്‍പ്പെടുന്ന അഞ്ചു മാസം നീളുന്ന പ്രക്രിയയ്‌ക്കു ശേഷമാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിശ്ചയിച്ചത്‌. ജനുവരില്‍ തുടങ്ങുന്ന പ്രക്രിയ മെയ്‌മാസം അവസാനിക്കുന്നു. ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ പരിശോധിക്കുന്നത്‌ ഐക്യരാഷ്ട്രസംഘടനയുടെ ഏഴംഗ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ വിദഗ്‌ധരാണ്‌. അര്‍ഹരായവര്‍ ഇ്‌ല്ലെങ്കില്‍ അവാര്‍ഡ്‌ നല്‌കാറുമില്ല.

ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ നേരിട്ട്‌ സമാശ്വാസം ലഭിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ലോകമെമ്പാടുമുള്ള ഭരണാധികാരികള്‍ക്ക്‌ മാതൃകയാക്കാം എന്നു യുഎന്‍ പ്രകീര്‍ത്തിച്ചിരുന്നു.

ലോകത്തിന്റെ ആദരവ്‌ ഏറ്റുവാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എതിരേറ്റത്‌ കരിങ്കൊടിയും കല്ലേറും!!