കോട്ടയ്ക്കലില്‍ നിന്ന് 18കാരിയെ കാണാതായിട്ട് 15 ദിവസം പിന്നിട്ടു; കമ്പ്യൂട്ടര്‍ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ ആതിര എവിടെ?

മലപ്പുറം: ജസ്‌ന തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനിടെയാണ് സമാനമായ മറ്റൊരു തിരോധാന വാര്‍ത്ത കൂടി പുറത്തുവരുന്നത്. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നും ആതിര എന്ന പെണ്‍കുട്ടിയെ കാണാതായിട്ട് 15 ദിവസം പിന്നിട്ടു.

എടരിക്കോട് കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ ആതിര(18)യെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം 27നാണ് ആതിരയെ കാണാതായത്. കോട്ടയ്ക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ആതിര. പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യില്‍ കംപ്യൂട്ടര്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കംപ്യൂട്ടര്‍ സെന്ററില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. ആതിരയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗും കൊണ്ടുപോയിട്ടുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങിയ ആതിര പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അതേസമയം സംഭവ ദിവസം ഉച്ചയ്ക്ക് 1.15ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെ സി.സി.ടി.വി.യില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്. രാത്രി 7.30 മുതല്‍ 12 വരെ തൃശ്ശൂര്‍ റെയില്‍ വേസ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറയില്‍ ആതിരയെ കണ്ടെന്ന് ചിലര്‍ പറയുന്നു. കുട്ടിയെ കണ്ടെത്താന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല.

ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അറബിയിലുള്ള പേപ്പറുകള്‍ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മകളുടെ തിരോധാനത്തില്‍ അന്വേഷണം പ്രത്യേക സംഘത്തെയേല്‍പ്പിക്കണമെന്ന് കെ.പി. നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറം എസ്പിക്കും മുഖ്യമന്ത്രി, പട്ടികജാതി വികസന മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.