ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കീഴടങ്ങി

കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ അടുത്താണ് യുവതി കുമ്പസാരിച്ചത്. ഇദ്ദേഹത്തെ ഇപ്പോൾ കമ്മീഷണർ ഓഫിസിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.

കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. കേസിൽ പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹർജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പിന്നീടു പറയും.

പ്രതികൾ വൈദികരാണെന്ന കാരണത്താൽ യുവതിയുടെ രഹസ്യമൊഴി കളവാണെന്ന് ഇൗ ഘട്ടത്തിൽ പറയാൻ കഴിയില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, പ്രതികളായ വൈദികർ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് അഭിപ്രായപ്പെട്ടു. യുവതിയുടെ സാഹചര്യങ്ങൾ വൈദികർ മുതലെടുത്തെന്നു വ്യക്തമാണ്. ഉന്നത സ്വാധീനമുള്ള പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നതു തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും വഴിയൊരുക്കും, യുവതിയുടെ കുടുംബവുമായും പ്രതികൾക്ക് അടുത്ത ബന്ധമുണ്ട്, യുവതിയെ ഭീഷണിപ്പെടുത്തിയാണു പ്രതികൾ പീഡിപ്പിച്ചത്, എല്ലാം ഉഭയസമ്മതത്തോടെയാണെന്ന പ്രതികളുടെ വാദം ശരിയല്ല തുടങ്ങിയ വാദങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചു.

കോടതിയിൽ കീഴടങ്ങാൻ അവസരം നൽകണമെന്ന പ്രതികളുടെ ആവശ്യവും കോടതി തള്ളി. കോടതിയിൽ കീഴടങ്ങി പ്രതികൾക്കു ജാമ്യാപേക്ഷ സമർപ്പിക്കാൻ പ്രത്യേക നിർദേശത്തിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതി മജിസ്ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴിയും കേസ് ഡയറിയും ഹൈക്കോടതി പരിശോധിച്ചു. വിവിധ പ്രതികൾ നടത്തിയ പീഡനങ്ങളുടെ വിവരങ്ങൾ വിശദമായി രഹസ്യമൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ