അഭിമന്യു വധം: എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും എംഎല്‍എയുടെ വിശദീകരണവും വിവാദത്തില്‍

കൊച്ചി: അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സി.പി.എം അന്വേഷിക്കണമെന്ന ഭാര്യയുടെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി സി.പി.എം എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്. ഭാര്യയ എന്‍.പി. ജെസി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അടിസ്ഥാനരഹിതവും അവജ്ഞയോടെ തള്ളികളയേണ്ടതുമാണെന്ന് സി.പി.എം നോമിനിയായ ആംഗ്ലോ ഇന്ത്യന്‍ എം.എല്‍.എ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന്‍ ഭാര്യയോട് ടെലിഫോണില്‍ സംസാരിച്ച കാര്യങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. അടിസ്ഥാന രഹിത ആരോപണങ്ങളാണ് പോസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. വര്‍ഗീയ വാദത്തിനും തീവ്രവാദത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. അത്തരമൊരു പാര്‍ട്ടിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് ഒരു വിധത്തിലും സഹായകരമായ ഒരു വാക്കോ പ്രവര്‍ത്തിയോ പാര്‍ട്ടി പ്രവര്‍ത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

നമ്മുടെ നാടൊന്നാകെ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ മതതീവ്രവാദ പ്രസ്ഥാനമായ എസ്.ഡി.പി.ഐക്കെതിരെ അതിശക്തമായ ജനവികാരമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിനായി എസ്.ഡി.പി.ഐ പലവിധ തന്ത്രങ്ങളും സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായാണ് സി.പി.എം സഹായമെന്ന വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ ഇതിനെ സാധൂകരിക്കും വിധം നടത്തിയ അഭിപ്രായം വാസ്തവ വിരുദ്ധമാണെന്നും വിശദീകരണ കുറിപ്പില്‍ ജോണ്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി മുന്‍ അംഗമാണ് ജെസി.

അഭിമന്യുവിന്റെ കൊലയാളികളെ സംരക്ഷിക്കുന്നത് ആരെന്ന് സി.പി.എം അന്വേഷിക്കണമെന്നതടക്കം പരാമര്‍ശങ്ങളടങ്ങിയ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ എന്‍.പി. ജെസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് വഴിവെച്ചത്. ആര്‍.എസ്.എസിനെയും എസ്.ഡി.പി.ഐയെയും പ്രാദേശിക സി.പി.എം നേതൃത്വം സഹായിക്കുന്നത് സംബന്ധിച്ച സൂചനകളുള്ള പോസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സുഹൃത്തായ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് എം.എല്‍.എയുടെ ഭാര്യ പങ്കുവെച്ചത്. പോസ്റ്റ് ചര്‍ച്ചയായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചു.

ജോണ്‍ ഫെര്‍ണാണ്ടസിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന മുഖവുരയോടെയാണ് ഉദ്യോഗസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് സ്‌കൂള്‍ ജീവനക്കാരി കൂടിയായ ജെസിയുടെ കുറിപ്പില്‍ പറഞ്ഞിരുന്നു. പശ്ചിമ കൊച്ചിയിലെ വര്‍ഗീയ പ്രീണനം അവസാനിപ്പിക്കാന്‍ സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗമായ ജോണ്‍ ഫെര്‍ണാണ്ടസ് എന്തുകൊണ്ട് തയാറാകുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. കൊച്ചിയിലെ അമരാവതി ഗവ. യു.പി. സ്‌കൂളിന്റെ സ്ഥലം കൈയേറി ഗേറ്റും ബോര്‍ഡും വെക്കാന്‍ ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് സി.പി.എം നേതൃത്വം ഒത്താശ ചെയ്തു. കൗണ്‍സിലര്‍മാര്‍ ഇതിന് മൗനാനുവാദം നല്‍കി. ഒത്താശ ചെയ്തവരുടെ പോക്കറ്റില്‍ ലക്ഷങ്ങള്‍ വീണു. ഫോര്‍ട്ട്‌കൊച്ചി ലോക്കല്‍ കമ്മിറ്റിയുടെ മൗനം എന്തൊക്കെയോ കളികള്‍ നടന്നതിന്റെ ലക്ഷണമാണ്.

എസ്.ഡി.പി.ഐയെ സഹായിക്കുന്നത് മുഖ്യധാരാ രാഷ്ട്രീയക്കാരാണ്. എല്ലാ പാര്‍ട്ടിയിലും ഇവര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. അവരില്‍ നിന്ന് ലക്ഷങ്ങളുടെ സാമ്പത്തിക സഹായമടക്കം ലഭിക്കുന്നു. പകല്‍ സി.പി.എമ്മും കോണ്‍ഗ്രസുമായി നടക്കുന്ന ഇവര്‍ രാത്രിയില്‍ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആകുന്നു. ഇവരാണ് അഭിമന്യുവിനെ കൊന്നവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കിയത്. തോപ്പുംപടിയില്‍ വന്നിറങ്ങിയ കൊലയാളികള്‍ക്ക് ആരുടെ സംരക്ഷണമാണ് കിട്ടിയതെന്ന് പാര്‍ട്ടി അന്വേഷിക്കണം.

ഇവരുടെ ഓശാരം പറ്റാത്ത ജോണ്‍ ഫെര്‍ണാണ്ടസ് ഇത് അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി ജെസിയുടെ പോസ്റ്റിലുണ്ട്. ഇദ്ദേഹം ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ ഇടപെടല്‍ അനിവാര്യമാണെന്നും സ്‌കൂള്‍ ഗ്രൗണ്ട് ഹിന്ദു വര്‍ഗീയവാദികള്‍ക്ക് വിട്ടുകൊടുക്കേണ്ട സ്ഥലമല്ലെന്നും പറഞ്ഞാണ് ജെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിവാദമായ പോസ്റ്റ് പിന്‍വലിക്കുന്നതിന് വിശദീകരണവുമായി മറ്റൊരു കുറിപ്പും ജെസി പോസ്റ്റ് ചെയ്തിരുന്നു. ‘ ഞാന്‍ ഇന്നലെ ഫോര്‍ട്ട്‌കൊച്ചി അമരാവതി ഗവ. യു.പി സ്‌കൂളിന്റെ ഗ്രൗണ്ട് ഹിന്ദു തീവ്രവാദിസംഘം കൈയേറിയതിന് എതിരെ ഒരു പോസ്റ്റ് ഇട്ടിരുന്നു. കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന എന്റെ ഉദ്യോഗസ്ഥതല സുഹൃത്തുക്കളില്‍ ഒരാളുടെ ആവലാതിയാണ് ഞാന്‍ ഇട്ടത്. അദ്ദേഹം പറഞ്ഞതില്‍ ശരിയുണ്ടെങ്കില്‍ തെറ്റുകള്‍ തിരുത്തപ്പെടണം. അഭിമന്യുവിനെ നിഷ്ഠുരം കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംഘത്തിന് സി.പി.എമ്മുമായി ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കൊലപാതകികളെ സംരക്ഷിച്ചവര്‍ ആരാണെന്ന് പാര്‍ട്ടി കണ്ടെത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്. കൊച്ചിയില്‍ സി.പി.എം ശക്തമാണ്. ആ ശക്തി കൊലയാളി സംഘത്തെ കണ്ടെത്തുന്നതില്‍ ഇടപെടണം. എസ്.ഡി.പി.ഐ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കില്‍ ഇല്ലായ്മ ചെയ്യേണ്ടത് അതത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. ഈ പോസ്റ്റിനെ അഭിമന്യുവിനെ കൊന്നവരെ സംരക്ഷിച്ചത് സി.പി.എം എന്ന് വ്യാഖ്യാനിച്ച് മുതലെടുപ്പ് വേണ്ട. എന്റെ എഫ്.ബി പോസ്റ്റ് സി.പി.എമ്മിനെതിരെ പ്രചാരണായുധമായി എസ്.ഡി.പി.ഐ സംഘം ഉപയോഗിക്കേണ്ട. ആ പോസ്റ്റ് ഞാന്‍ പിന്‍വലിക്കുന്നു.’