സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്.

അതേസമയം ആലപ്പുഴ കടല്‍ത്തീരത്ത് ഇന്നലെ രാവിലെ അടിഞ്ഞ അബുദാബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ഇന്തോനീഷ്യക്കാരായ ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു. ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്.

അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോര്‍ട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍നിന്നുള്ള റജിസ്റ്റര്‍ നമ്പര്‍ 9841770 ആണ്. ഇത് ഡോക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിര്‍മിച്ചതാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും.

രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.

വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.