ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 19-ന് ഡാളസില്‍ തിരശ്ശീല ഉയരും

ഡാളസ് ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ 16-മത് മഹാസമ്മേളനം ഡാളസില്‍ ഡി.എഫ്.ഡബ്ല്യു വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹയാട് റീജന്‍സിയില്‍ 2018 ജൂലൈ 19 മുതല്‍ 22 വരെ നടക്കുന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് ഫാമിലി കോണ്‍ഫറന്‍സുകളിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് തിരശ്ശീല ഉയരും. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ സമ്മേളനത്തിന് ഡാളസ് പട്ടണം ഒരുങ്ങിക്കഴിഞ്ഞു.

അമേരിക്കന്‍ ഐക്യനാടുകളിലേക്ക് സ്വര്‍ഗത്തിന്റെ നാടായ കേരളത്തില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാംഗങ്ങളുടെ ഈ കൂടിവരവ് മറക്കാനാവാത്ത ആത്മീയ അനുഭവമാണ് പങ്കാളികള്‍ക്ക് നല്‍കുന്നത്. അമേരിക്കയിലും കാനഡായിലുമായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് ഐ.പി.സി സഭകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഈ മഹാ സമ്മേളനത്ത്ല്‍ പങ്കെടുക്കും.

കോണ്‍ഫറന്‍സിലേക്ക് കടന്നുവരുന്നവര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും, ഏര്‍പ്പോര്‍ട്ട് കവാടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വലത്തു ഭാഗത്തുള്ള ബൂത്തില്‍ നിന്നും ലഭിക്കുന്ന പ്രവേശന ടിക്കറ്റ് കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ഓഫിസില്‍ നിന്നും വാലീഡേറ്റ് ചെയ്താല്‍ എയര്‍പ്പോര്‍ട്ടിലേക്കുള്ള പ്രവേശനഫീസ് സൗജന്യമായിരിക്കുമെന്നും സെക്രട്ടറി അലക്‌സാണ്ടര്‍ ജോര്‍ജ്ജ് അറിയിച്ചു. ഐപിസി മിഡ്‌വെസ്റ്റ് റീജിയനുകളിലെ സഭകള്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന ഹ്യൂസ്റ്റണ്‍, ഒക്കലഹോമ, ഡാളസ്, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളില്‍നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നതിനാല്‍ ഇത്തവണ കോണ്‍ഫറന്‍സില്‍ വലിയ ജന പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. വചന പാണ്ഡിത്യവും ആത്മനിറവും ആത്മനിറവുമുള്ള ലോക പ്രശസ്തരായ പ്രസംഗകരാണ് ഇക്കുറി ശുശ്രൂഷക്കായി ക്ഷണിക്കപ്പെട്ടിരിക്കുന്നതെന്ന് കണ്‍വീനര്‍ ഡോ. ബേബി വര്‍ഗീസ് അറിയിച്ചു.

കുഞ്ഞുങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും പ്രത്യേകം മീറ്റിംഗുകളും ഉണ്ടായിരിക്കുന്നതാണ്. സഭാ വെത്യാസം കൂടാതെ എല്ലാ മലയാളി പെന്തക്കോസ്ത് വിശ്വാസികളും ശുശ്രൂഷകന്മാരും ഈ ചതുര്‍ദിന സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും, ഐ.പി.സി സഭാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കുമെന്നും ട്രഷറാര്‍ ജേയിംസ് മുളവന അറിയിച്ചു.

ഡോ. ബേബി വര്‍ഗീസ് (കണ്‍വീനര്‍), അലക്‌സാണ്ടര്‍ ജോര്‍ജ്ജ് (സെക്രട്ടറി), ജേയിംസ് മുളവന (ട്രഷറാര്‍), ജെറി കെ. രാജന്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ നാന്‍സി ഏബ്രഹാം (ലേഡീസ് കോര്‍ഡിനേര്‍), രാജന്‍ ആര്യപ്പള്ളില്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരാണ് നാഷണല്‍ കമ്മറ്റി ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍, പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍