ധ്യാനഗുരുവിന്‍റെ ലീലാവിലാസങ്ങള്‍ 

  • ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ എഡ്വിന്‍ ഫിഗറസ് ലത്തീന്‍ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന ധ്യാനഗുരു

  • കുമ്പസാരത്തിന് ചെന്ന പെണ്‍കുട്ടിയെ പാപം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് പാതിരിയുടെ ക്ഷണം 

കൊച്ചി : രണ്ട് വര്‍ഷം മുമ്പ് ഡിസംബറില്‍ പള്ളിയില്‍ കുമ്പസാരിക്കാന്‍ ചെന്നപ്പോഴാണ് ഫാദര്‍. എഡ്വിന്‍ ഫിഗറസ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പള്ളിമേടയിലേക്ക് വിളിച്ചു കൊണ്ടു പോയി അവിടെ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.

ലത്തീന്‍ കത്തോലിക്ക സഭയിലെ പുരോഹിതനും അറിയപ്പെടുന്ന ധ്യാനഗുരുവുമായ എഡ്വിന്‍ ഫിഗറസിനെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ്ദ് മാതാ പള്ളി വികാരിയായ ഫാദര്‍. എഡ്വിന്‍ ഇടവകാംഗമായ പെണ്‍കുട്ടിയെ 2015 ജനുവരി മുതല്‍ മാര്‍ച്ച് 28 വരെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. കുമ്പസാരക്കൂടിനടുത്ത് വച്ച് കുട്ടിയെ കടന്നു പിടിച്ച എഡ്വിന്റെ കയ്യില്‍ നിന്ന് കുതറി മാറി ഓടിയ പെണ്‍കുട്ടി ഭയം മൂലം ആരോടും ഇക്കാര്യം പറഞ്ഞില്ല.

പള്ളിയില്‍ പോകുന്ന ദിവസങ്ങളില്‍ വൈകി വരുന്നത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടുത്ത ദിവസം പെണ്‍കുട്ടിയെ  ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തി.

ധ്യാന ഗുരു കൂടിയായ ഇയാള്‍ കുട്ടിയെ പള്ളിമേടയില്‍ വിളിച്ചു വരുത്തി ഉപദേശങ്ങള്‍ നല്‍കുമായിരുന്നു. പീഡനം നിരന്തരമായി കൂടിയപ്പോഴാണ് പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

ഏറെ വിവാദമായ പുത്തന്‍വേലിക്കര പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമങ്ങളുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. ലത്തീന്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പലതരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. കേസ് പിന്‍വലിപ്പിക്കാനും ഇവരെ ഒറ്റപ്പെടുത്താനും ഇടവകയിലെ ഒരുവിഭാഗം ശ്രമിച്ചിരുന്നു. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടെയും പള്ളിയിലെ ഒരുവിഭാഗത്തിന്‍റെയും സഹായത്തോടെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.

പ്രതിയായ വൈദികന്‍ നാട്ടുകാരുടെയും സഭയിലെ ചില ഉന്നതരുടെയും സഹായത്തോടെ നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. പ്രതി നല്‍കുന്ന പിഴത്തുകയായ 2,15,000 രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നഷ്ടപരിഹാരം ഈ കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ നിയമസഹായ വേദിയെ കോടതി ചുമതലപ്പെടുത്തി.