മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടന്‍ മോഹന്‍ലാലിനെ ഒഴിവാക്കണം എന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകരുടെ നടപടിയില്‍ മോഹന്‍ലാലിന് പിന്തുണയുമായി സംവിധായകന്‍ വിസി അഭിലാഷ്. മോഹന്‍ലാല്‍ ഇതില്‍ നിന്നും പിന്മാറരുതെന്നും ലാലേട്ടന്‍ അങ്ങനെ ഒഴിവാക്കപ്പെടേണ്ടയാളല്ലെന്നും അഭിലാഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടുകയേയുള്ളുവെന്നും കാടടച്ച് വെടിവെയ്ക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിലാഷ് പറയുന്നു. ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ആളൊരുക്കം എന്ന ചിത്രത്തിലെ സംവിധായകനാണ് വിസി അഭിലാഷ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മോഹന്‍ലാല്‍ പിന്മാറരുത്/
അങ്ങനെ ഒഴിവാക്കപ്പെടേണ്ട ആളല്ല
========================

ഇന്ദ്രന്‍സേട്ടനെ ഇത്തവണ മികച്ച നടനാക്കിയ ആളൊരുക്കം എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്ന് പറയുന്ന സുഹൃത്തുക്കളുടെ നിലപാട് അങ്ങേയറ്റം ബാലിശമാണ്.

അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹന്‍ലാല്‍ എന്ന നിലപാടില്‍ അവര്‍ എങ്ങനെ എത്തി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇത് കാടടച്ച് വെടി വയ്ക്കലാണ്. താരനിശ നടത്തി സംസ്ഥാന അവാര്‍ഡ് കൊടുക്കുന്നത് എതിര്‍പ്പുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിവാക്കി. അത് നല്ല തീരുമാനമാണ്. പക്ഷെ പുതിയ എതിര്‍പ്പ് വല്ലാതെ അനുചിതമായിപ്പോയി. മോഹന്‍ലാലിന്റെ സാന്നിധ്യം ആ ചടങ്ങിന് മാറ്റു കൂട്ടുകയേ ഉള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രന്‍സേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹന്‍ലാലിന്റെ സാന്നിധ്യം. ഇന്ദ്രന്‍സേട്ടനും ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടാവില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഇക്കൊല്ലം ഇന്ദ്രന്‍സേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹന്‍ലാല്‍ എന്ന് ചിലര്‍ പറയുന്നു. ഈ വര്‍ഷം ആ നടന്‍ അങ്ങനെ പിന്നില്‍ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വര്‍ഷക്കണക്ക് കൊണ്ടാണോ മോഹന്‍ലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളില്‍ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാല്‍പ്പത് വര്‍ഷം തീയറ്ററില്‍ പോയും വീട്ടിലിരുന്നും സിനിമ കണ്ട് ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നില്‍ ഈ മണ്ടത്തരം പറയരുത്.

പ്രതിഭ കൊണ്ട് മലയാള സിനിമയെ സര്‍ഗ്ഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ല.

വിമര്‍ശനാതീതനല്ല മോഹന്‍ലാല്‍. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം.പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണ്. ഈ തരത്തില്‍ അപമാനിക്കപ്പെടേണ്ട ആളാണോ മലയാളി ചലച്ചിത്രാസ്വാദകര്‍ക്ക് മോഹന്‍ലാല്‍?

ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ സംഭവിച്ചതും ഇത് തന്നെ എന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ആ ലോജിക്കും പിടി കിട്ടുന്നില്ല. രാഷ്ട്രപതി തരുമെന്ന് പറഞ്ഞ് ക്ഷണിച്ച് വരുത്തുകയും ഒടുവില്‍ കേന്ദ്രമന്ത്രിയുടെ കയ്യില്‍നിന്നു പുരസ്‌കാരം സ്വീകരിക്കേണ്ടി വരുന്ന നുണയെ/ നീതികേടിനെതിരെയാണ് ആ പ്രതിഷേധം നടന്നത്. ആ വിഷയവും ഈ വിഷയവും തമ്മില്‍ എങ്ങനെയാണ് പൊരുത്തപ്പെടുക.?

ഇവിടെ അവാര്‍ഡ് സമ്മാനിക്കുന്നത് മുന്‍വര്‍ഷങ്ങളിലെ പോലെ മുഖ്യമന്ത്രി തന്നെയാണ്. ആ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ഉണ്ടാവുന്നത് ചടങ്ങിന് കൂടുതല്‍ യശസ് നല്‍കും എന്ന് കരുതുന്നു.

അനുബന്ധം : ഈ അഭിപ്രായം പറയുന്നതിന്റെ പേരില്‍, സുഹൃത്തുക്കളായ പലരും എന്നോട് പിണങ്ങും എന്നെനിക്കറിയാം. പക്ഷെ എന്ത് ചെയ്യാം, എത്ര ആലോചിച്ചിട്ടും ഇക്കാര്യത്തില്‍ എനിക്ക് നിങ്ങളോട് ഐക്യപ്പെടാന്‍ വയ്യ. ക്ഷമിക്കുക.