കൊല്ലുന്നതും കൊന്നവർക്ക് സംരക്ഷണം നൽകുന്നതും മാറിവരുന്ന സർക്കാരുകൾ

ജോളി ജോളി
ഉദയകുമാർ ഉരുട്ടിക്കൊല നടക്കുന്നത് യൂ ഡി ഫ് ഭരണകാലത്താണ്.
അന്നത്തെ പ്രതിപക്ഷമായ എൽ ഡി എഫ് ഉം പ്രതിപക്ഷ നേതാവ് വി സ്‌ അച്യുതാനന്ദനും ഈ കൊലപാതകത്തെ നന്നായി മുതലെടുത്തു.അന്ന് നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിലടക്കം ഉദയകുമാറിന്റെയും അമ്മയുടെയും ഫ്ലെക്സ്സുകൾ വ്യപകമായി പതിപ്പിച്ചുകൊണ്ടായിരുന്നു എൽ ഡി ഫ് തെരഞ്ഞെടുപ്പുകളെ നേരിട്ടത്.

പക്ഷേ പിന്നീട് അധികാരത്തിൽ കയറിയ അച്ചുതാനന്ദൻ സർക്കാർ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസുകാർക്കെല്ലാം സ്ഥാനകയറ്റം നൽകിക്കൊണ്ടാണ് ആദരിച്ചത്.സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്തിട്ടും അച്യുതാനന്തൻ ഒരു ചെറു വിരൽ പോലും അനക്കിയില്ല.

അവസാനം കേസ് തേഞ്ഞുമാഞ്ഞു പോകും എന്ന സ്ഥിതി വന്നപ്പോൾ ഉദയകുമാറിന്റെ അമ്മയുടെ സങ്കടഹർജി ഹൈ കോടതി പരിഗണിച്ചതിന്റെ ഫലമായാണ് കേസ് സി ബി ഐ ക്ക് വിട്ടത്.
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ മൂന്ന് പൊലീസുകാര്‍ സ്ഥാനക്കയറ്റം നേടി ഇപ്പോഴും കാക്കിക്കുള്ളിലാണ്.രണ്ടുപേര്‍ എസ്.പിമാരായി.രണ്ട് എസ്.പിമാര്‍ക്കും ഐ.പി.എസ് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രം അത് നിരസിച്ചു.ഉരുട്ടിക്കൊലയിൽ പ്രതികളായ എസ്.പിമാരായിരുന്ന ടി.കെ. ഹരിദാസ്, ഇ.കെ. സാബു എന്നിവരെയാണ് ഐ.പി.എസിനായി ശുപാര്‍ശ ചെയ്തത്.
സി.ബി.ഐ അന്വേഷണം നേരിടുന്ന ടി.കെ. ഹരിദാസിനെ 2011ലെ ഒഴിവുകളിലേക്ക് ശുപാര്‍ശ ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.

ഉരുട്ടിക്കൊല നടന്നപ്പോള്‍ സി.ഐയായിരുന്ന ഇ.കെ. സാബുവിന് ഡിവൈ.എസ്.പിയായും എസ്.പിയായും സ്ഥാനക്കയറ്റം നല്‍കിയാണ് ഐ.പി.എസിന് ശുപാര്‍ശ ചെയ്തത്.2016ലെ ഒഴിവില്‍ ഐ.പി.എസ് നല്‍കേണ്ടവരുടെ പട്ടികയില്‍ സാബുവിനെ ഉള്‍പ്പെടുത്തി ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.
സാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് ഉദയകുമാറിനെ കസറ്റഡിയിലെടുത്തത്.അന്ന് അസി. കമ്മിഷണറായിരുന്ന ടി.കെ.ഹരിദാസിന് സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്‍കി.

ഉരുട്ടിക്കൊല സമയത്ത് ഫോര്‍ട്ട് സ്റ്റേഷനിലെ എസ്.ഐയായിരുന്ന ടി. അജിത്കുമാര്‍ ക്രൈംബ്രാഞ്ചിന്റെ സംഘടിത കുറ്റകൃത്യ വിഭാഗത്തില്‍ (ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ്) ഡിവൈ.എസ്.പിയാണിപ്പോള്‍.പ്രതിയായ ശേഷവും രണ്ട് സ്ഥാനക്കയറ്റങ്ങള്‍ അജിത്കുമാറിന് ലഭിച്ചു.
അന്ന് കോണ്‍സ്റ്റബിളായിരുന്ന ജിതകുമാര്‍ ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയില്‍ ഗ്രേഡ് എ.എസ്.ഐയായി.

മറ്റൊരു പ്രതി ശ്രീകുമാര്‍ തിരുവനന്തപുരം സിറ്റി നാര്‍കോട്ടിക് സെല്ലില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും.ഇതുപോലുള്ള ഓരോ മരണങ്ങളും അടുത്ത പ്രതിപക്ഷത്തിന് ഭരണത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്.കൊല്ലുന്നതും കൊന്നവർക്ക് സംരക്ഷണം നൽകുന്നതും മുതലക്കണ്ണീരൊഴുക്കുന്നതും മുതലെടുപ്പ് നടത്തുന്നതും മാറിവരുന്ന സർക്കാരുകൾ തന്നെയാണ്.