എന്‍ എസ് എസ് ദേശീയ സംഗമം സംഗീത സാന്ദ്രമാകും

ഷിക്കാഗോ: ആഗസ്റ്റ് 10, 11, 12 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമം സംഗിത സാന്ദ്രമാകും. മൂന്നു ദിവസവും വ്യത്യസ്ഥമായ സംഗീത പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്് ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി ഗായകര്‍ അണി നിരക്കുന്ന സംഗീതരാവാണ് ശ്രദ്ധേയമാകുക. സംഗീത സംവിധായകനും ഗായകനുമായ ശബരീനാഥ് (ന്യൂയോര്‍ക്ക്), പിന്നണി ഗായിക കാര്‍ത്തിക ഷാജി ( വാഷിംഗ്ടണ്‍), മ്യൂസിക് ഇന്ത്യാ ഫൗണ്ടേഷന്‍ അംഗം രവി ശങ്കര്‍ (സാന്‍ ജോസ്) എന്നിവര്‍ നേതൃത്വം നല്‍കുന്ന അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ഡസനോളം ഗായകര്‍ അണിനിരക്കും.

മലയാളത്തിനു പുറമെ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മെലഡിയും ക്‌ളാസിക്കും സെമിക്‌ളാസിക്കും ഒക്കെ ഒഴുകിയെത്തും. അമേരിക്കയിലെ വിവിധ വേദികളില്‍ പാടി പരിചയമുള്ള സത്യാ മോനോന്‍,റിയ, ലക്ഷ്മി സുരേഷ്, ഗായത്രി, സന്തോഷ് നായര്‍, സംഹിത, സോന, പ്രസാദ് എന്നിവരൊക്കെ സംഗീത മഴ പൊഴിക്കാനെത്തും.കണ്‍വന്‍ഷനെത്തുന്ന 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒന്നിച്ചിരുന്ന് കീര്‍ത്തനം ആലപിക്കുന്ന നാദ ബ്രഹ്മം എന്നവേറിട്ട സംഗീത പരിപാടിയും ഉണ്ടാകും. ദേശീയ അവാര്‍ഡ് ജേതാവായ പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന്റെ സാന്നിധ്യം സ്വരരാഗസുന്ദരമായ പരിപാടിക്ക് താരത്തിളക്കം നല്‍കും.മുഖ്യാതിഥി ആയെത്തുന്ന നടന്‍ സുരേഷ് ഗോപി എംപിയും പാട്ടുപാടും.

അമേരിക്കയിലെ മലയാളി നായര്‍ കുടുബങ്ങളെ ഏകോപിപ്പിക്കുന്നതിനായി 2010 ല്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് തുടങ്ങിയ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രഥമ കണ്‍വന്‍ഷന്‍് 2012 ല്‍ ഡാളസിലാണ് നടന്നത്. തുടര്‍ന്ന് 2014 ല്‍ വാഷിംഗ്ടണിലും 2016ല്‍ ഹൂസ്റ്റണിലും ദേശീയ കണ്‍വന്‍ഷന്‍ നടന്നു. പ്രസിഡന്റ് എം.എന്‍.സി നായര്‍ , ജനറല്‍ സെക്രട്ടറി അജിത് നായര്‍, ട്രഷറര്‍ മഹേഷ് ഹരികൃഷ്ണന്‍ ചെയര്‍മാന്‍ ജയന്‍ മുളങ്ങാട്, കോ ചെയര്‍മാന്‍ സുനില്‍ നായര്‍ എന്നിവരുടെ നേതൃത്വ്ത്തിലാണ് മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ നടക്കുക

Picture2