തൂക്കുകയറിന്‌ അർഹതയുള്ളവർ അവിടെയുമുണ്ട്…

വാരാപ്പുഴ കസ്റ്റഡി മരണവും സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് ഹൈക്കോടതി സി ബി ഐ ക്ക് വിടണം.തൂക്കുകയറിന്‌ അർഹതയുള്ളവർ അവിടെയുമുണ്ട്.പൊലീസ് കുഴിച്ചുമൂടിയ ഉരുട്ടിക്കൊലക്കേസിനെ സി. ബി. ഐ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച്‌ രണ്ട് പൊലീസുകാരെ തൂക്കിക്കൊല്ലണമെന്ന കോടതി വിധിയില്‍ എത്തിച്ചത് ജനങ്ങളുടെ മേക്കിട്ടു കയറിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പൊലീസിനുള്ള ശക്തമായ താക്കീതാണ്.

അന്വേഷണങ്ങള്‍ പതുക്കിയും.ഭീഷണിയിലൂടെ കേസുകളും പണമിടപാടുകളും ഒതുക്കിയും.സ്ത്രീകളുടെയും കുട്ടികളുടെയും പരാതികള്‍ പൂഴ്‌ത്തിയും
രാഷ്ട്രീയ പിന്തുണയോടെ പൊലീസുകാര്‍ ഇപ്പോഴും വിലസുകയാണ്.

ഉദയകുമാറിനെ കൊലപ്പെടുത്തി 13വര്‍ഷം കഴിഞ്ഞിട്ടും പൊലീസ് മാറിയിട്ടില്ല.വരാപ്പുഴ സ്റ്റേഷനില്‍ എസ്.ഐയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട ശ്രീജിത്ത്, കോട്ടയത്ത് പൊലീസിന്റെ ഒത്താശയോടെ കൊലചെയ്യപ്പെട്ട കെവിന്‍.ഇങ്ങനെ നീളുകയാണ് പട്ടിക.ഉരുട്ടിക്കൊലക്കേസിന് സമാനമാണ് വാരാപ്പുഴക്കേസും.

മോഷണക്കുറ്റം ആരോപിച്ച്‌ ഉദയകുമാറിനെ പിടിച്ചതുപോലെ വീടാക്രമണക്കേസില്‍ ആളുമാറിയാണ് ശ്രീജിത്തിനെ പിടിച്ചത്.ആദ്യത്തേതില്‍ തിരുവനന്തപുരം ഫോര്‍ട്ട് സി.ഐയുടെയും രണ്ടാമത്തേതില്‍ എറണാകുളം റൂറല്‍എസ്.പിയുടെയും ക്രൈം സ്‌ക്വാഡുകളാണ് പ്രതിസ്ഥാനത്ത്.ശ്രീജിത്തിന്റെ അറസ്റ്റ് രേഖയിലാക്കിയില്ല.അറസ്റ്റ് മെമ്മോയുണ്ടായിരുന്നില്ല.കസ്റ്റഡിയിലെടുത്തതായി ബന്ധുക്കളെ അറിയിച്ചതുമില്ല.ഉദയകുമാറിനെ ഉച്ചയ്ക്ക്12ന് പിടികൂടി സി.ഐ ഓഫീസിലെ ബഞ്ചില്‍ ഉരുട്ടി അവശനാക്കി ലോക്കപ്പില്‍ തള്ളി.രാത്രിഎട്ടോടെ ആശുപത്രിയിലാക്കി.പിന്നീടാണ് അമ്മ പ്രഭാവതിയെ വിവരമറിയിച്ചത്.വാഹനമിടിച്ച്‌ മകന്‍ മരിച്ചെന്നും മൃതദേഹം മോര്‍ച്ചറിയിലുണ്ടെന്നുമാണ് പറഞ്ഞത്.ആളുമാറിയല്ല പിടിച്ചതെന്ന് വരുത്താന്‍ ഉദയകുമാര്‍ കൊല്ലപ്പെട്ടശേഷം വ്യാജ മോഷണക്കേസെടുത്തു.വരാപ്പുഴ കേസില്‍ രേഖകള്‍ തിരുത്തി കള്ളക്കേസെടുക്കാനുള്ള പൊലീസിന്റെ കള്ളക്കളി മനുഷ്യാവകാശകമ്മിഷന്‍ കൈയോടെ പിടിച്ചു.

പൊലീസിന് ആളുമാറിയിട്ടില്ലെന്നും ശ്രീജിത്ത് പ്രതിയാണെന്നും പരസ്യമായി പ്രഖ്യാപിച്ച എസ്.പി.എ.വി.ജോര്‍ജ്ജ് സസ്പെന്‍ഷനിലാണ്.11പൊലീസുകാരാണ് വാരാപ്പുഴ കേസില്‍ പ്രതികള്‍.കോട്ടയത്തെ കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവര്‍ക്ക് വഴികാട്ടിയായതും പൊലീസാണ്.കെവിന്‍ താമസിച്ച വീട് കാട്ടിക്കൊടുത്ത കോട്ടയത്തെ എ.എസ്.ഐ, അക്രമിസംഘം കഴുത്തില്‍ വടിവാള്‍വച്ച്‌ കെവിനെയും സുഹൃത്ത് അനീഷിനെയും വാഹനത്തില്‍ കയറ്റുന്നത് കണ്ടു നിന്നെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.ഏത് കേസിലും ഊരുന്ന പൊലീസ്
പൊലീസ് ഏതുകേസിലും ആറാം മാസത്തെ പുനഃപരിശോധനയിലൂടെ കാക്കിയിട്ട് വിലസാമെന്നാണ് അവസ്ഥ.

1129പൊലീസുകാര്‍ ക്രിമിനല്‍കേസുകളില്‍ പ്രതികളാണ്.സ്ത്രീപീഡനം, മയക്കുമരുന്ന് കേസ് പ്രതികളെ പോലും സ്റ്റേഷന്‍ ചുമതലയില്‍നിന്ന് ഒഴിവാക്കാറില്ല.എസ്.ഐക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയാല്‍ നടപടിയെടുക്കാന്‍ 15വര്‍ഷമെങ്കിലും കഴിയും.അപ്പോഴേക്കും സ്ഥാനക്കയ​റ്റത്തിലൂടെ ഡിവൈ.എസ്.പി ആയിട്ടുണ്ടാവും.കുഴപ്പമില്ലാതെ വിരമിക്കാന്‍ പാകത്തിലായിരിക്കും അന്വേഷണ റിപ്പോര്‍ട്ട്.രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ നേരത്തേ ക്ലീന്‍ചിറ്റ് നേടാം.അയല്‍ക്കാരനുമായി വഴക്കിട്ടതിന് മരങ്ങാട്ടുപിള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കോട്ടയം മെഡിക്കല്‍കോളേജില്‍ മരിച്ചു.ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു…

പരസ്യമദ്യപാനം ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത കാസര്‍കോട് ചൗക്കിയിലെ സന്ദീപ് ജീപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് മരിച്ചു.എളമക്കര പൊലീസ് കസ്റ്റഡിയിലെടുത്ത വിനീഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചു.ഹൃദയസ്തംഭനമെന്ന് പൊലീസ്,ശരീരം നിറയെ മുറിവുകളുണ്ടായിരുന്നു….

പാലാപൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ലോറിഡ്രൈവര്‍ റോബിന്‍ മെഡിക്കല്‍കോളേജില്‍ മരിച്ചു.ദേഹാസ്വാസ്ഥ്യമെന്ന് പൊലീസ്.ശരീരത്തിലെ മുറിവുകള്‍ ദുരൂഹം.പൊതുജനങ്ങൾക്ക് വേണ്ടിയുള്ള അന്വേക്ഷണങ്ങളും വിധികളും ഇനിയും കോടതികളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകട്ടെ.ഭരണകൂടവും പോലീസും
ഒന്നിച്ചെതിർത്താലും.

നീതി ന്യായ വ്യവസ്ഥ ഉയർന്നു നിൽക്കട്ടെ…