അട്ടപ്പാടിയിൽ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ

പാലക്കാട്:  ഒരു ഇടവേളക്ക് ശേഷം അട്ടപ്പാടിയിൽ പോസ്റ്റർ പ്രചരണവുമായി മാവോയിസ്റ്റുകൾ സജീവമാകുന്നു.പുതൂർ പഞ്ചായത്തിലെ ഉമ്മത്താംപടിയിലാണ് മാവോയിസ്റ്റകളുടെ പേരിലുള്ള പോസ്റ്ററുകൾ ഇന്നലെ രാവിലെ പ്രത്യക്ഷപ്പെട്ടത്.നിലമ്പൂരിൽ പോലീസ് നടത്തിയ മാവോയിസ്റ്റ് വേട്ടക്ക് പകരം ചോദിക്കുമെന്ന് തമിഴിലും മലയാളത്തിലുമുള്ള പോസ്റ്ററിൽ എഴുതിയിരിക്കുന്നു.

മലയാളം തമിഴ് ഭാഷകളിലായുള്ള ലഘുലേഖകളും പ്രദേശത്തുനിന്ന് കണ്ടത്തിയിട്ടുണ്ട്.തമിഴിലെ ലഘുലേഖ അച്ചടിച്ചതാണ്, മലയാളത്തിലേത് എഴുതി തയാറാക്കിയതും .ഇടവേളക്ക്  ശേഷം മാവോയിസ്റ്റുകൾ അട്ടപ്പാടിയിൽ സജീവമാകുന്നതിൻ്റെ തെളിവാണ് ഉമ്മത്താംപടിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും ലഘുലേഖകളും .

നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ വ്യാജ ഏറ്റുമുട്ടലിലുടെയാണ് കൊലപ്പെടുത്തിയതെന്നും ഇതിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ നിയമം കയ്യിലെടുക്കുമെന്നും മാവോയിസ്റ്റുകൾ മുന്നറയിപ്പ് നൽകുന്നു.ലഘുലേഖകൾ പിണറായി സർക്കാരിനെയും പോലിസിനെയും രൂക്ഷമായി വിമർശിക്കുന്നു.പോസ്റ്റർ പ്രചരണം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്  പോലീസ്  അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കായുള്ള   തിരച്ചിൽ ശക്തമാക്കി.

നിലമ്പൂർ സംഭവത്തിന് ശേഷം അട്ടപ്പാടിയിലെ ഉൾവനങ്ങളിലെ ഊരുകളിൽ മാവോയിസ്റ്റ് സാന്നിധ്യം സജീവമാണ്.ഭൂതാർ, മേലെ ഭൂതാർ തൊടുക്കി ,ആനവായ് തുടങ്ങിയ ഊരുകളിൽ മാവോ സംഘം പതിവായി എത്തുകയും ആദിവാസികൾക്ക് പഠന ക്ളാസുകൾ നടത്തുകയും ചെയ്യുന്നുണ്ട്.പകൽ പോലും ഉൾ വനങ്ങളിൽ വെച്ച്  അദിവാസി യുവാക്കൾക്ക്  ആയുധ പരിശീലനം  നൽകുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം . മാവോയിസ്റ്റ്കളുടെ ഭവാനി ദളമാണ് അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .പുതിയതായി ശിരുവാണി ദളം എന്നപേരിൽ ഒരു മാവോയിസ്റ്റ് സംഘം കൂടി പ്രവർത്തനം ആരംഭിച്ചതായി പോലീസ് സംശയിക്കുന്നു.ഉമ്മത്താംപടിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ ഭവാനി ദളത്തിൻ്റെ പേരിൽ ഉള്ളതാണ് .മാവോയിസ്റ്റുകളുടെ ഉന്നത നേതാക്കള കൊന്ന സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കുക.തണ്ടർ ബോൾട്ടിനെ പിൻവലിക്കുക എന്ന ആവശ്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്നു.സംഭവസ്ഥലത്തെത്തിയ പോലീസ് പോസ്റ്ററുകൾ നീക്കം ചെയ്തു