ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസം; അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം

കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുന്നുവെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു. ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവരെ പ്രത്യേകമായി സിറ്റിങ്ങുകളില്‍ വിളിച്ച് വിചാരണ ചെയ്യുമെന്നും എം.സി.ജോസഫൈന്‍ അറിയിച്ചു.

ഇങ്ങനൊരു പെണ്‍കുട്ടി അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണിത്. അങ്ങനെയൊരവസ്ഥ ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. സമൂഹം ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഒരു സ്ത്രീ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് അപലപനീയമാണെന്നും ജോസഫൈന്‍ വ്യക്തമാക്കി.