കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ല; വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി:കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്റെ ശുപാര്‍ശ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കുമ്പസാരം നിരോധിക്കണമെന്നത് സര്‍ക്കാര്‍ നിലപാടല്ലെന്നും മോദി സര്‍ക്കാരിന് അങ്ങനൊരു അഭിപ്രായം ഇല്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വനിതാ കമ്മീഷന്‍ രേഖാ ശര്‍മയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

കുമ്പസാരം നിരോധിക്കണമെന്ന ശുപാര്‍ശ തള്ളിക്കളയണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞിരുന്നു. ഉപാാധ്യക്ഷന്‍ ജോര്‍ജ് കുര്യന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണ് ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തരുതെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പറഞ്ഞിരുന്നു.

കുമ്പസാരം നിര്‍ത്തണമെന്ന നിര്‍ദേശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ രംഗത്തെത്തിയിരുന്നു. കുമ്പസാരം കൂദാശയാണ്. ഭരണഘടനാവകാശം ചോദ്യംചെയ്യരുത്. കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെപേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു.

അതേസമയം, കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാകമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്‌മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഓര്‍ത്തോഡോക്‌സ് വൈദികരും ജലന്തര്‍ ബിഷപ്പും ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകള്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചു.

സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ വിശദീകരിച്ചു.