ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്‌ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസ് (പിഎംഎല്‍-എന്‍) നടത്തിയ നിലപാട് മാറ്റവും ശ്രദ്ധേയമായി. അതിനിടെ തിരഞ്ഞെടുപ്പിലെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 116 സീറ്റുകളുമായി പിടിഐ മുന്നിലെത്തി. ആകെ പോള്‍ ചെയ്തതില്‍ 1.686 കോടി വോട്ടുകള്‍ പിടിഐ സ്വന്തമാക്കിയപ്പോള്‍ പിഎംഎല്‍-എന്നിന് 12.89 കോടി വോട്ടുകള്‍ ലഭിച്ചു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പാകിസ്താനില്‍ നടന്ന സംഭവവികാസങ്ങളില്‍ യുഎസും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താനിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതിന് ഐക്യരാഷ്ട്ര സംഘടന ഇലക്ഷന്‍ കമ്മിഷനെ അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കമ്മിഷനൊപ്പം നിലയുറപ്പിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം ഇന്നാണ് പ്രഖ്യാപിക്കാനായത്. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്‌നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ ന്യായീകരണം.

ജനങ്ങളെ ‘കൊള്ളയടിച്ചു’

മുഴുവന്‍ സീറ്റുകളിലേക്കും ഫലം പ്രഖ്യാപിച്ചപ്പോള്‍ പിടിഐയ്ക്കു 116 സീറ്റുകളുണ്ട്. പിഎംഎല്‍-എന്‍ 64 സീറ്റുകള്‍ സ്വന്തമാക്കി. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി)ക്ക് 43 സീറ്റും ലഭിച്ചു. 13 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചു. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഇതില്‍ 272 പേരെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ടവതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായി 172 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകൂ.

തിരഞ്ഞെടുപ്പു പ്രക്രിയ ജനങ്ങളില്‍ നിന്ന് ‘തട്ടിയെടുക്കുകയാണ്’ ഇത്തവണ ചെയ്തിരിക്കുന്നതെന്നു നവാസ് ഷരീഫ് ആരോപിച്ചു. സംശയം നിറഞ്ഞ തിരഞ്ഞെടുപ്പു ഫലങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയ്ക്കു കളങ്കം ചാര്‍ത്തുന്നതാണെന്നും റാവല്‍പിണ്ടിയിലെ ജയിലില്‍ തന്നെ സന്ദര്‍ശിച്ച അണികളോട് നവാസ് ഷരീഫ് വ്യക്തമാക്കി. ഇന്നലെയാണ് പിഎംഎല്‍-എന്‍ അധ്യക്ഷന്‍ ഷഹ്ബാസ് ഷരിഫ്, മുത്തഹിദ മജിലിസെ അമല്‍(എംഎംഎ) അധ്യക്ഷന്‍ മൗലാന ഫസ്‌ലുര്‍ റെഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പു ഫലത്തെ തള്ളിക്കളഞ്ഞ യോഗം നിലവിലെ സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കുമെന്നും ചര്‍ച്ച ചെയ്തു.

ജനങ്ങളുടെ താല്‍പര്യത്തിനു വിരുദ്ധമായാണു തിരഞ്ഞെടുപ്പ് നടന്നത്. അവരുടെ അധികാരമാണ് കൊള്ളയടിക്കപ്പെട്ടത്- യോഗം കുറ്റപ്പെടുത്തി. പുതിയ തിരഞ്ഞെടുപ്പു നടത്തും വരെ രാജ്യത്തു പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. ജമാ അത്തെ ഇസ്‌ലാമി(ജെഐ), അവാമി നാഷനല്‍ പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷനല്‍ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

എങ്ങനെ തികയ്ക്കും കേവല ഭൂരിപക്ഷം?

അതിനിടെ കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ നേടിയെടുക്കാനായി ശ്രമം ആരംഭിച്ച ഇമ്രാന്‍ ഖാനു മുന്നിലും പ്രതിസന്ധികളേറെയാണ്. സ്വതന്ത്രരുടെയും മറ്റു ചെറുപാര്‍ട്ടികളുടെയും പിന്തുണ ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ പിടിഐ പാര്‍ട്ടിക്കെതിരെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ചെറുപാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ എത്തിയതാണ് ഇപ്പോള്‍ അദ്ദേഹത്തെ ആശങ്കയിലാഴ്ത്തുന്നത്.

കറാച്ചി ആസ്ഥാനമായുള്ള മുത്തഹിദ ഖൗമി മൂവ്‌മെന്റിന്(എംക്യുഎം) ആറു സീറ്റുണ്ട്. ഇവരിലാണ് പിടിഐക്കു നേരിയ പ്രതീക്ഷയെങ്കിലുമുള്ളത്. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് എംക്യുഎം അറിയിച്ചതിനു പിന്നാലെ പാര്‍ട്ടി നേതാക്കളെ മുതിര്‍ന്ന പിടിഐ നേതാവ് ജഹാംഗിര്‍ തരീന്‍ നേരിട്ടു വിളിച്ചിരുന്നു. എന്നാല്‍ അവിടെയും പ്രതീക്ഷകള്‍ തെറ്റിച്ച് എംക്യുഎമ്മിന്റെ മുതിര്‍ന്ന നേതാവ് ഫറൂഖ് സത്താര്‍ യോഗത്തിനെത്തി. എങ്കിലും എംക്യുഎമ്മും പിന്തുണയ്ക്കാമെന്നാണു ഖാനിനെ അറിയിച്ചിരിക്കുന്നതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പര്‍വേസ് ഇലാഹിയുടെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗാണു മറ്റൊരു പ്രതീക്ഷ. നാലു സീറ്റുകളാണ് പാര്‍ട്ടി നേടിയിരിക്കുന്നത്. മുത്തഹിദ മജ്‌ലിസെ അമല്‍ പാക്കിസ്ഥാന്‍(എംഎംഎപി) പാര്‍ട്ടിയിലേക്കും ഒരു കണ്ണുണ്ട്. പാര്‍ട്ടിക്ക് ഇത്തവണ 13 സീറ്റുകളാണു ലഭിച്ചത്. എന്നാല്‍ എംഎംഎപിക്കു ബന്ധം ജമാഅത്തെ ഇസ്‌ലാമി, ജംയത്തെ ഉലമ ഇസ്‌ലാം ഫസല്‍ തുടങ്ങിയ വലതുപക്ഷ പാര്‍ട്ടികളോടാണ്. ഇവരാകട്ടെ പ്രതിപക്ഷത്തു നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.

വനിതകള്‍ക്കായുള്ള 29 സംവരണ സീറ്റുകളും അഞ്ചിനടുത്ത് ന്യൂനപക്ഷ സംവരണ സീറ്റുകളും ഉള്‍പ്പെടെ ലഭിക്കുന്നതോടെ പിടിഐയുടെ സീറ്റുനില 160ലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പിടിഐയുടെ സഖ്യകക്ഷിയായ പിഎംഎല്‍-ക്യുവിന് അഞ്ചു സീറ്റുണ്ട്. വനിതകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലൊന്നിനും പാര്‍ട്ടിക്ക് അവകാശമുണ്ട്.

അവാമി മുസ്‌ലിം ലീഗിന്റെയും പിന്തുണ പാര്‍ട്ടിക്കുണ്ട്. ഏതാനും സ്വതന്ത്ര സ്ഥാനാര്‍ഥികളും പിന്തുണയായെത്തിയിട്ടുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ 173 സീറ്റെങ്കിലും സ്വന്തമാക്കാനാകുമെന്നാണു കണക്കുകൂട്ടല്‍. ഇതാകട്ടെ നേരിയ ഭൂരിപക്ഷം മാത്രമേ ആകുന്നുള്ളൂ. ബലൂചിസ്ഥാനിലെ ചില ചെറുപാര്‍ട്ടികളും ഇമ്രാനെ പിന്തുണയ്ക്കാനുണ്ടാകും.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ളത്ര സീറ്റുകള്‍ പിടിഐയ്ക്കു ലഭിച്ചതായാണു വക്താവ് ഫവഹ് ചൗധരി മാധ്യമങ്ങളോടു വ്യക്തമാക്കിയത്. ഭരണത്തിനായുള്ള സീറ്റുകള്‍ പാര്‍ട്ടിക്കു ലഭിക്കുമെന്നു സ്വവസതിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇമ്രാന്‍ നേതാക്കള്‍ക്കും ഉറപ്പു നല്‍കി. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകളും ഇതോടൊപ്പം ആരംഭിച്ചു.