ഓഖി ദുരന്തത്തില്‍ നിന്ന്‌ ഈ സര്‍ക്കാര്‍ ഒന്നും പഠിച്ചില്ല!

ടൈറ്റസ്‌ കെ.വിളയില്‍
ജൂലൈ മാസത്തിലെ അതിവൃഷ്ടിക്കെടുതിയ്ക്കിരയായവര്‍ മൂന്നു ലക്ഷം.അതില്‍ പകുതിയിലേറെയും കുട്ടനാട്ടിലുള്ളവര്‍.
16-ാ‍ം തിയതി മുതലാരംഭിച്ച തോരാപ്പെയ്ത്ത്‌ കുട്ടനാട്ടില്‍ സൃഷ്ടിച്ചത്‌ കഴിഞ്ഞ നാലുപതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പ്രളയം.
231 ദുരിതാശ്വാസക്യമ്പിലും 464 കഞ്ഞിവീഴ്ത്തു കേന്ദ്രത്തിലുമായി 1,15,465 പേരാണ്‌ താമസത്തിനും ഭക്ഷണത്തിനുമായി ഈ ദിവസങ്ങളിലെത്തിയത്‌.ഇതെഴുതുമ്പോള്‍ പതിനഞ്ച്‌ ദുരിതാശ്വാസ കേന്ദ്രത്തിലായി 172 കുടുംബങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്‌.പ്രളയത്തിന്റെ ആദ്യത്തെ ആഴ്ചയ്ക്ക്‌ ശേഷമാണ്‌ ഈ ക്യാമ്പുകളും കഞ്ഞിവീഴ്ത്ത്‌ കേന്ദ്രങ്ങളും ‘ജനോപകാരപ്രദങ്ങളാ’യത്‌.അപ്പോഴേയ്ക്കും പ്രളയജലം പിന്‍വാങ്ങി തുടങ്ങിയിരുന്നു.

വെള്ളപ്പൊക്കത്തിന്റെ ആദ്യ ആഴ്ചകളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയവരടക്കമുള്ളവര്‍ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ഏറെ ബുദ്ധിമുട്ടി.ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ സ്കൂളുകളിലായത്‌ കൊണ്ട്‌ ശുചിമുറികളുടെ അഭാവവും അപര്യാപ്തതയും മൂലം സ്ത്രീകളും കുട്ടികളും പ്രാഥമികകൃത്യത്തിന്‌ വല്ലാതെ ബുദ്ധിമുട്ടി.ശുചിമുറി സൗകര്യമില്ലാത്തത്‌ കൊണ്ട്‌ ക്യാമ്പില്‍ നിന്ന്‌ ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നതിന്റെ അളവ്‌ ഗണ്യമായി വെട്ടിക്കുറച്ചവര്‍ ആയിരങ്ങള്‍!

ഈ ദിവസങ്ങളില്‍ ഋതുമതികളായ പെണ്‍കുട്ടികളും വീട്ടമ്മമാരും അനുഭവിച്ച ദുരിതം വാക്കുകള്‍ക്കതീതമാണ്‌.വെള്ളം നിറഞ്ഞു തകര്‍ന്നൊഴുകിയ ശുചിമുറികളിലെ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമായിരുന്നല്ലോ ചുറ്റിലും!കുടിവെള്ളമില്ല എന്ന പരിദേവനത്തിലും പരാതിയിലും ഋതുമതികളുടെ ഈ ഗതികേടിന്റെ വിങ്ങലുണ്ടായിരുന്നത്‌ എത്രപേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌?!

ഇവിടെയാണ്‌ ,
ഈ കെടുതിക്കാലത്ത്‌ ,
പൗരന്റെ ജീവനും സ്വത്തും മാന്യതയും സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാരിന്റേ പ്രവര്‍ത്തനം വ്യാപകമായ സോഷ്യല്‍ ഓഡിറ്റിംഗിന്‌ വിധേയമാക്കേണ്ടത്‌.”അരിയും പയറും കൊടുത്തില്ലെ?പിന്നെന്തു വേണം”എന്ന സുധാകരന്‍ മന്ത്രിയുടെ ധാര്‍ഷ്യത്തിന്റെ നെറുക പിളര്‍ത്താന്‍ പലരുടെയും കൈതരിച്ചെങ്കിലും , തങ്ങള്‍ അകപ്പെട്ട നിസ്സഹായതയുടെ ആഴമവരെ മൗനികളാക്കുകയായിരുന്നു.

ഓഖി ദുരന്തത്തില്‍ നിന്ന്‌ ഈ സര്‍ക്കാര്‍ ഒരു ചുക്കും പഠിച്ചില്ലെന്ന്‌ തെളിയിച്ചു ഈ പ്രളയക്കെടുതിക്കാലം.ദുരന്തമുഖത്ത്‌ ഇടപെടാനുള്ള സര്‍ക്കാരിന്റെ സന്നദ്ധതയും ഏകോപനവും ‘ഓഖി ദിനങ്ങളില്‍’ തെക്കന്‍ തീരത്താഞ്ഞടിച്ച തിരമലകളിലാണ്‌ ഒഴുകിപ്പോയതെങ്കില്‍ കുട്ടനാട്ടില്‍ അത്‌ പ്രളയജലത്തില്‍ കൂടുതലാഴത്തിലേയ്ക്ക്‌ മുങ്ങിപ്പോയതിന്റെ അതീവ പ്രതിഷേധാര്‍ഹമായ അനുഭവങ്ങളാണ്‌ ദുരിതബാധിതര്‍ക്ക്‌ പറയാനുള്ളത്‌.

മൂന്നു മന്ത്രി രണ്ട്‌ എം.പി ഒരു എംഎല്‍എ-ഇത്രയും പേരുണ്ടായിരുന്നിട്ടും കുട്ടനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇവരിലാരും പൂര്‍ണ സമയം സ്ഥലത്തുണ്ടായിരുന്നില്ല. ഓഖി ദുരത്തക്കാലത്ത്‌ ജില്ലാ സമ്മേളനങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയെങ്കില്‍ കുട്ടനാട്ടിലെ ജലക്കെടുത്തിക്കാലത്ത്‌ സുധാകരന്‍ മന്ത്രിക്ക്‌ വലുത്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മീറ്റിംഗ്‌ ആയിരുന്നു.നാലാം ദിവസമാണ്‌ ഓഖി ദുരന്തമുഖത്ത്‌ മുഖ്യമന്ത്രിയെത്തിയതെങ്കില്‍ പ്രളയം ആഴ്ചയൊന്നു പിന്നിട്ടപ്പോഴാണ്‌ സുധാകരന്‍ മന്ത്രി സജീവമായത്‌.
പക്ഷെ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചാനലുകാരോട്‌ എണ്ണിയെണ്ണിപ്പറയാന്‍ മത്സരിച്ച പ്രതിപക്ഷത്തിന്റേതായിരുന്നു,അങ്ങോട്ടു തിരിഞ്ഞു നോക്കാതിരുന്ന രണ്ട്‌ എംപിയും!!

ഓര്‍ത്തു പോകുന്നു ,ഓഖിക്കാലത്തെ ഒരു ഹെലികോപ്ടര്‍ യാത്ര!
തൃശൂരു നിന്ന്‌ തിരുവനന്തപുരത്തേയ്ക്കും,തിരിച്ചും!!
അതു പോലൊരു ഹെലികോപ്ടറിലൂടെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെങ്കിലും കുടിവെള്ളവും ഭക്ഷണവും മരുന്നും സാനിറ്ററി നാപ്കിനുകളും എത്തിക്കാനുള്ള സാമാന്യ മര്യാദയോ യുക്തിയോ മുഖ്യമന്ത്രിയുടെ പെണ്ണുപദേശിയടക്കം ആരിലും കണ്ടില്ലല്ലോ?ഗതാഗത സൗകര്യമില്ലാതെ ദുരന്തമുഖത്ത്‌ അകപ്പെടുന്നവര്‍ക്ക്‌ ഹെലികോപ്ടറിലൂടെ ഭക്ഷണവും കുടിവെള്ളവും മരുന്നുമൊക്കെ എത്തിക്കുന്നതാണ്‌ ലോകമെമ്പാടുമുള്ള പ്രാഥമിക ദുരന്തനിവാരണ പ്രവര്‍ത്തനം. അഹങ്കാരവും ധാര്‍ഷ്ട്യവും അലങ്കാരമായി കരുതുന്ന ഇരട്ടച്ചങ്കനോ മന്ത്രിപുംഗവന്മാര്‍ക്കോ ഈ സാമാന്യ ബുദ്ധിയില്ലാതെ പോയല്ലോ…!

ഇവിടെ തന്നെയാണ്‌ ഓഖി ദുരന്തക്കാലത്ത്‌ ഏറ്റവുമധികം സോഷ്യല്‍ ഓഡിറ്റിംഗിന്‌ വിധേയമായ സംസ്ഥാന ദുരന്തനിവാരണ സംവിധാനവും അതിലെ ഉദ്യോഗസ്ഥരും ഏതു പുനത്തിലാണ്‌ കുട്ടനാടന്‍ പ്രളയക്കലത്ത്‌ ഒളിച്ചിരുന്നതെന്ന്‌ ചോദിക്കേണ്ടി വരുന്നത്‌.കാഴ്ചക്കാരായി നിന്ന്‌ അവര്‍ കുട്ടനാട്ടുകാരെ കൊഞ്ഞനം കുത്തുന്നതാണല്ലോ നാം കണ്ടത്‌?മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിലാണ്‌ ഈ വകുപ്പ്‌ എന്നത്‌ ആ സംവിധാനത്തിന്റെ വീഴ്ചയുടെ ആക്കം കൂട്ടുന്നു.ഒരു കിലോ അരിയോ പയറോ ഒരു കുപ്പി വെള്ളമോ ഈ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രളയത്തിന്റെ ആദ്യ ആഴ്ചയില്‍ കുട്ടനാട്ടില്‍ എവിടെയെങ്കിലും എത്തിച്ചതായി ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?
ജൂണ്‍ മഴയില്‍ കട്ടിപ്പറയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ ദാരുണമായി മരിച്ചിടത്തും ഈ വകുപ്പിലെ ഒരുത്തനേയും നാം കണ്ടിരുന്നില്ലല്ലോ!

നികുതിപ്പണം ശമ്പളമായി പറ്റുന്ന ഈ സമൂഹദ്രോഹികള്‍ക്കെതിരെ മുഖ്യമന്ത്രി എന്തു നടപടിയെടുക്കും എന്ന്‌ ചിന്തിക്കുന്നത്‌ പോലും പാര്‍ട്ടി വിരുദ്ധവും രാഷ്ട്രീയ പ്രേരിതമായ ആരോപണവുമായ നാട്ടില്‍ ഓഖിദുരന്തത്തിലും പ്രളയക്കെടുതിയിലും കൊല്ലപ്പെടാനും ദുരിതമനുഭവിക്കാനുമാണോ സമ്മതിദായകര്‍ക്കും നികുതിദായകര്‍ക്കും വിധി!
എങ്കില്‍ ആ വിധി തിരുത്തേണ്ടേ?

പ്രളയ വെള്ളമിറങ്ങി.
അതു കൊണ്ട്‌ ആ ദുരന്തക്കാലം മാധ്യമങ്ങളില്‍ നിന്ന്‌ ഇനിഅപ്രത്യക്ഷമാകും.
മോഹന്‍ ലാലിനെ സംസ്ഥാന ചലചിത്ര അവര്‍ഡ്‌ ദാന ചടങ്ങില്‍ പങ്കെടുപ്പിക്കണോ വേണ്ടയോ എന്നതായിരിക്കുന്നു പൊതുവിടത്തിലെ ചര്‍ച്ചാവിഷയവും വിവാദവും.
സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ഹനാന്‍ ശരിക്കും മീന്‍ വില്‍ക്കുകയായിരുന്നോ അതോ സിനിമയുടെ പ്രമോഷന്‌ വേണ്ടി വേഷമിടുകയായിരുന്നോ?ഹാനാന്‍ തട്ടമിടാതെ മീന്‍ വിറ്റത്‌ ശരിയാണോ? ഒരു പത്രത്തിനൊപ്പം കള്ളം പ്രചരിപ്പിക്കുകയല്ലേ ‘മാതൃഭൂമി’? തുടങ്ങിയ വിഷയങ്ങളാണ്‌ സൈബര്‍ പോരാളികളുടെ ഉറക്കം കെടുത്തുന്നത്‌.

കുട്ടനാട്ടുകാര്‍ക്ക്‌ അതിനൊന്നും ചെവികൊടുക്കാന്‍ കഴിയില്ലല്ലോ; സമയവുമില്ലല്ലോ.
കാരണം
ഇനിയല്ലേ പകര്‍ച്ചവ്യാധികളുടെ ഭീഷണിക്കാലം
ഇനിയല്ലേ മടവീഴ്ചയുടെ നഷ്ടക്കാലം
ഇനിയല്ലേ അതിജീവനത്തിന്റെ പുതിയ പോരാട്ടക്കാലം