ഹ്യൂമിന് പകരക്കാരനാവാനാണ് ആഗ്രഹം: തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് കാനഡക്കാരന്‍ ഇയാന്‍ ഹ്യൂം. എന്നാല്‍ ഇത്തവണ ഹ്യൂം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കൂപ്പായമണിയാന്‍ ഉണ്ടാവില്ല. ക്ലബ് മാനേജ്‌മെന്റിന്റെ താല്‍പ്പര്യ പ്രകാരം ക്ലബ് വിടുകയാണെന്ന് ഹ്യൂം വ്യക്തമാക്കിയിരുന്നു. എടികെ, ബ്ലാസ്റ്റേഴ്‌സ് ടീമുകള്‍ക്കായി ആകെ കളിച്ച 59 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകളാണ് ഹ്യൂം നേടിയത്.

പകരക്കാരായി സ്ലൊവേനിയന്‍ മുന്നേറ്റതാരം മത്തേയ് പോപ്പ്‌ലാറ്റ്‌നിക്ക്, സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റൊജനോവിച്ച് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ളത്. ഇതില്‍ സ്ലൊവേനിയന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ ഗോളടിച്ച് കൂട്ടിയ പോപ്പ്‌ലാറ്റ്‌നിക്കില്‍ വലിയ പ്രതീക്ഷയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കുള്ളത്. ഇയാന്‍ ഹ്യൂമിന് പകരക്കാരനാവാന്‍ പോപ്പ്‌ലാറ്റ്‌നിക്കിന് കഴിയുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ. ഇത്തരം പ്രതീക്ഷകളോട് പ്രതികരിക്കുകയാണ് പോപ്പ്‌ലാറ്റ്‌നിക്ക്.

ഹ്യൂം മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയാവാനാണ് തന്റെ പരിശ്രമമെന്നും പോപ്പ്‌ലാറ്റ്‌നിക്ക് അഭിമുഖത്തിനിടെ പറഞ്ഞു. ‘ ഹ്യൂം കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, മികച്ച താരമാണ് അദ്ദേഹം, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അദ്ദേഹം നിരവധി ഗോളുകളും നേടിയിട്ടുണ്ട്, ആ വലിയ താരത്തിന്റെ പകരക്കാരനായിട്ടാണ് ഞാനുള്ളതെന്ന് എനിക്ക് അറിയാം, അതെന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നില്ല, ഞാന്‍ നേരത്തെ കുറേ ഗോളുകള്‍ നേടിയിട്ടുണ്ട്, അത് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും.’ പോപ്പ്‌ലാറ്റ്‌നിക്ക് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ