ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ അംഗീകാരം നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്ക ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ അംഗീകാരം നല്‍കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇന്ത്യയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. എസ്ടിഎ1 പദവി ലഭിച്ചതോടെ ഇന്ത്യയ്ക്ക് പ്രതിരോധ മേഖലയിലടക്കം ഉന്നത സാങ്കേതിക വിദ്യകള്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ ലഭ്യമാകും.

ലോകത്തില്‍ എസ്ടിഎ1 പദവി ലഭിക്കുന്ന 37മത്തെ രാജ്യമാണ് ഇന്ത്യ. ഈ പദവി ലഭിക്കുന്ന ആദ്യ ദക്ഷിണ ഏഷ്യന്‍ രാജ്യവുമാണ്. അംഗീകാരം ലഭിച്ചതോടെ പ്രതിരോധം ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇരു രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടും.

സാധാരണ മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ സമിതി, വാസെന്നാര്‍ വ്യവസ്ഥ, ആസ്‌ട്രേലിയ ഗ്രൂപ്പ്, എന്‍എസ്ജി എന്നീ സംഘടനകളില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്കാണ് അമേരിക്ക ഈ പദവി നല്‍കുന്നത്. അദ്യ മൂന്ന് സംഘനടകളിലും ഇന്ത്യ അംഗമാണെങ്കിലും എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വമില്ല. അംഗത്വ ലഭിക്കുന്നതില്‍ ചൈനയാണ് പ്രധാന തടസ്സമായി നിന്നിരുന്നത്. എന്‍എസ്ജിയില്‍ അംഗമല്ലാതിരുന്നിട്ടും അംഗീകാരം ലഭിച്ചത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്.