കരുണാനിധിയുടെ സംസ്‌കാരം മറീന ബീച്ചില്‍

ചെന്നൈ: അന്തരിച്ച ഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിച്ചു. ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ഗാന്ധി മണ്ഡപത്തില്‍ സ്ഥലം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധിയുടെ സംസ്കാരം. മറീന ബീച്ചില്‍ സുരക്ഷ ശ്കതമാക്കിയിട്ടുണ്ട്.

കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ നടത്തുന്നതിനെതിരായ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കക്ഷികള്‍ പിന്‍വലിച്ചിരുന്നു. കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു. എതിര്‍പ്പില്ലെന്ന് എഴുതി തരാന്‍ കോടതി ആവശ്യപ്പെട്ടു.

മറീനാ ബീച്ചില്‍ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹര്‍ജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. ഹര്‍ജികള്‍ പിന്‍വലിച്ചതോടെയാണ് വിധി ഡിഎംകെയ്ക്ക് അനുകൂലമായത്. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്ക് മാത്രമാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എംജിആറിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിച്ചിരുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരെ ഇവിടെ സംസ്‌കരിക്കില്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നാലാണിതെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഹര്‍ജികള്‍ പിന്‍വലിച്ചതിനാല്‍ വിധി ഡിഎംകെയ്ക്ക് അനുകൂലമാകുകയായിരുന്നു.

അതേസമയം, ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച കരുണാനിധിയുടെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.  തലൈവരെ കാണാന്‍ ആദ്യമെത്തിയത് നടൻ രജനീകാന്തായിരുന്നു.  തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു, അഭിനേതാക്കളായ ധനുഷ്, പ്രസന്ന, സ്നേഹ, വിവേക്, ടി.രാജേന്ദ്രൻ എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗോപാലപുരത്തെ വസതിയില്‍ നിന്നും കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരുതരമാവുകയായിരുന്നു.