ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണ് വിവരം. വെള്ളിയാഴ്ച സിപിഐഎം സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നുണ്ട്. എല്‍ഡിഎഫ് യോഗത്തിന് മുമ്പ് സിപിഐയുമായി സിപിഐഎം ചര്‍ച്ച നടത്തും.

വെള്ളിയാഴ്ച നടക്കുന്ന സിപിഐഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തി. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.

ഇ.പി. ജയരാജന്‍ മന്ത്രിയാകുമ്പോള്‍, ചില മന്ത്രിമാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ മാറ്റം ഉണ്ടായേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുന്നതായും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നായിരുന്നു ഇ.പി.ജയരാജന്‍ രാജിവെച്ചത്. പിന്നീട് ബന്ധുനിയമന കേസിൽ കുറ്റവിമുക്തനായെങ്കിലും ഇ.പിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല.

കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡി സ്ഥാനത്ത് പി.കെ ശ്രീമതി ടീച്ചറിന്റെ മകന്‍ സുധീര്‍ നമ്പ്യാരെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക്‌സിന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ നിയമിച്ചതുമാണ് ജയരാജനെ വെട്ടിലാക്കിയത്. ബന്ധു നിയമനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയും എല്‍.ഡി.എഫ് ഘടകകക്ഷികളും കൈവിടുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നുള്ള എം.എല്‍.എയാണ് ഇ.പി ജയരാജന്‍. ആദ്യമായിട്ടായിരുന്നു അദ്ദേഹം മന്ത്രിയായത്. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്ത് വന്ന ഇ.പി ഡി.വൈ.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റ് ആണ്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ ജനറല്‍ മാനേജരാണ് ഇ.പി.ജയരാജന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ