ശക്തമായ മഴ തുടരുന്നതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി

പത്തനംതിട്ട: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ശക്തമായ മഴപെയ്തതിനെത്തുടര്‍ന്നാണ് മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തിയത്. വാളയാര്‍ ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പ് നല്‍കി. കല്‍പ്പാത്തിപ്പുഴയില്‍ വെള്ളം ഉയരുന്നു.

പമ്പ, ആനത്തോട് ഡാമുകള്‍ വീണ്ടും തുറന്നു. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലാണ് ഡാമുകള്‍ വീണ്ടും തുറന്നത്. പമ്പാ ത്രിവേണി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിറപുത്തരിക്കായി ശബരിമല ക്ഷേത്രനട വൈകിട്ട് അഞ്ചിന് തുറക്കാനിരിക്കെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീര്‍ഥാടകരെയും ആശങ്കയിലാക്കി. നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാല്‍ അയ്യപ്പന്മാര്‍ ഇന്ന് മുതല്‍ വന്നു തുടങ്ങും. വനമേഖലയിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തും നല്ല മഴയാണ്. പമ്പാ മണല്‍പ്പുറത്തെ കടകളെല്ലാം വെള്ളത്തിലാണ്. ത്രിവേണി പാലം കടന്നു വേണം പമ്പാ ഗണപതികോവിലിലേക്കു പോകാന്‍. പാലം കടന്നു മണപ്പുറത്തെ റോഡിലേക്ക് ഇറങ്ങാന്‍ കഴിയില്ല.

ബാണാസുരസാഗര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനും തീരുമാനിച്ചു. ബാണാസുരസാഗര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുക. നിലവില്‍ 90 സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലെത്തിയെങ്കിലും ഇടമലയാര്‍ ഡാമില്‍നിന്നു കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

കക്കി അണക്കെട്ടിന്റെ ഭാഗമായ ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകളും രണ്ട് അടി വീതം ഉയര്‍ത്തി.പമ്പാ അണക്കെട്ടിന്റെ ആറ് ഷട്ടറുകളില്‍ രണ്ടെണ്ണം ഒരടി വീതം വീണ്ടും ഉയര്‍ത്തി.മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നതിനാല്‍ കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.എറണാകുളം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി. നാലു ഷട്ടറുകളും ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്.തൃശൂര്‍ ചിമ്മിണി ഡാമില്‍ നാലു ഷട്ടറുകള്‍ ഏഴര സെന്റിമീറ്റര്‍ വീതം തുറന്നുവച്ചിരിക്കുന്നു.വാഴാനി ഡാമില്‍ നാലു ഷട്ടറുകള്‍ മൂന്നു സെന്റിമീറ്റര്‍ തുറന്നിരിക്കുന്നു.പീച്ചിയില്‍ നാലു ഷട്ടറുകള്‍ രണ്ടു സെന്റിമീറ്റര്‍ വീതം തുറന്നിട്ടുണ്ട്.പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടു സ്ലൂസ് ഗേറ്റുകള്‍ 5.4 മീറ്റര്‍ (18 അടി) വീതവും രണ്ടു ഗേറ്റുകള്‍ ഒന്നര മീറ്റര്‍ (അ!ഞ്ച് അടി) വീതവും തുറന്നു.ഷോളയാര്‍ ഡാമില്‍ ഒരു ഗേറ്റ് 45 സെന്റിമീറ്റര്‍ ആണു തുറന്നിരിക്കുന്നത്.പൂമല ഡാമില്‍ നാലു ഷട്ടറുകള്‍ അഞ്ചു സെന്റീമീറ്റര്‍ വീതം തുറന്നുവച്ചതില്‍ രണ്ടെണ്ണം അടച്ചു.കോഴിക്കോട് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 15 സെന്റിമീറ്റര്‍ വീതം തുറന്നു.പെരുവണ്ണാമുഴി ഡാമിന്റെ നാലു ഷട്ടറും തുറന്നിട്ടിരിക്കുകയാണ്.