ഒ. രാജഗോപാല്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒ. രാജഗോപാല്‍ എം.എല്‍.എ ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു. പ്രളയ ദുരന്തം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ ഡിഎംകെ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു

നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍ എന്നിവര്‍ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാന്‍ 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു..