ഇന്ന് മാത്രം രക്ഷിച്ചത് 82,442 പേരെ, ഈ കാലവര്‍ഷത്തില്‍ ആകെ 324 മരണം

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ ഇന്ന് മാത്രം 82,442 പേരെ രക്ഷിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

3,14,000 പേരാണ് സംസ്ഥാനത്തൊട്ടാകെ 2094 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കാലവര്‍ഷക്കെടുതിയില്‍ 164 പേരാണ് പത്തു ദിവസത്തിനിടെ മരണമടഞ്ഞത്.

ഇതേതുടര്‍ന്ന് ഈ കാലവര്‍ഷത്തില്‍ ആകെ 324 മരണങ്ങളാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മേയ് 29 മുതല്‍ ഓഗസ്റ്റ് 17 രാവിലെ എട്ടുവരെയുള്ള കണക്കാണിത്.

ചെങ്ങന്നൂര്‍, ചാലക്കുടി പ്രദേശങ്ങളാണ് ഇപ്പോള്‍ രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. ഒഴുക്കാണ് ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ഈ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നടക്കുക.

ക്യാമ്പുകളിലുള്ള എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ശനിയാഴ്ച മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനു വലിയ ബോട്ടുകളും കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന സര്‍ക്കാരുകള്‍ കേരളത്തിനു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്.

അതേസമയം, കേരളത്തില്‍ നാശം വിതച്ച് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴ മാറി നില്‍ക്കുന്നത് വലിയ ആശ്വാസത്തിന് വഴി വെച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും മഴക്ക് നേരിയ തോതില്‍ കുറവ് വന്നിട്ടുണ്ട്.

13 ജില്ലകളില്‍ നിലവില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.