കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് സൂപ്പർ താരങ്ങളും തെലുങ്കാന സർക്കാറും

ചെന്നൈ : പ്രളയക്കെടുതിയില്‍ പിടയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍- ബോളിവുഡ് താരങ്ങള്‍ രംഗത്ത്.

നടി നയന്‍താര 10 ലക്ഷം രൂപ നല്‍കിയപ്പോള്‍ അമല പോള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും സ്വയം കടകളില്‍ പോയി വാങ്ങിയാണ് കൈമാറിയത്.

നേരത്തെ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു. വിജയ് സേതുപതി 25 ലക്ഷവും, നടന്‍ ധനുഷ് 15 ലക്ഷവും നല്‍കിയിട്ടുണ്ട്. സിദ്ധാര്‍ത്ഥ് , ശിവകാര്‍ത്തികേയന്‍, വിശാല്‍ എന്നിവര്‍ പത്ത് ലക്ഷവും നല്‍കി. കമല്‍ 25 ലക്ഷവും വിജയ് ടി.വി 25 ലക്ഷവും നല്‍കി. സണ്‍ ടി.വി ഒരു കോടി രൂപയാണ് നല്‍കിയത്.

Nayantara,Amala Paul

തെലുങ്കാന സര്‍ക്കാര്‍ 25 കോടി രൂപ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും കേരളത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യത്തിലും കര്‍മ്മനിരതരായ ഇന്ത്യന്‍ സേനക്കും, ദുരന്ത പ്രതികരണ സേനക്കും വിരാട് കോഹ് ലി നന്ദി അറിയിച്ചു.

അഭിഷേക് ബച്ചന്‍, അനുഷ്‌ക്ക ശര്‍മ്മ, ഹന്‍സിക, തമന്ന തുടങ്ങിയ നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.

കൂടുതല്‍ താരങ്ങള്‍ വരും ദിവസങ്ങളില്‍ സഹായങ്ങള്‍ പ്രഖ്യാപിക്കും. തമിഴ്, തെലുങ്ക്, കന്നട, ബോളിവുഡ് താരങ്ങള്‍ പ്രത്യേകം ആലോചിച്ച് വലിയ സഹായം നല്‍കുമെന്ന് സിനിമാ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തില്‍ എറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് താരം ദളപതി വിജയ് കേരളം സന്ദര്‍ശിച്ച് സഹായധനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ