പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ നവദമ്പതികളില്‍ ഭര്‍ത്താവിനെ പൊലീസ് രക്ഷപ്പെടുത്തി

ജമ്മു: വിവാഹം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാണാതായ നവദമ്പതികള്‍ക്കായി പൊലീസ് നടത്തിയ തിരച്ചിലില്‍ വരനെ കണ്ടെത്തി. കത്വ ജില്ലയിലെ മന്യേരി സ്വദേശിയായ ഷൗക്കത്ത് അലി എന്നയാളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും അതിനു പിന്നില്‍ ഭാര്യ വീട്ടുകാരാണെന്നും ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം ഷൗക്കത്തലിയുടെ ഭാര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് 13 നാണ് ഇവര്‍ വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇതില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ആണ് ഇവരെ തട്ടിക്കൊണ്ട് പോയത്. അതിന് പിന്നാലെ ചിലര്‍ സംഘംചേര്‍ന്ന് യുവാവിനെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ പിതാവ് നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൗക്കത്തിനെ രക്ഷപ്പെടുത്തിയത്. യുവാവിനെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചവരെ പിടികൂടാനായിട്ടില്ല. തങ്ങള്‍ എത്തിയപ്പോഴേക്കും അവര്‍ ഓടി രക്ഷപെട്ടെന്നാണ് പോലീസ് പറയുന്നത്.

വിവാഹത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുമായി ഇയാള്‍ ഒളിച്ചോടുകയും കോടതിയുടെ സഹായത്തോടെ വിവാഹിതരാവുകയുമായിരുന്നു. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഭാര്യയെ അവരുടെ ബന്ധുക്കള്‍ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് യുവാവ് പറയുന്നത്.