പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം.

ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന കാര്യങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ തുക കൃത്യമായി വിനിയോഗിക്കണം.

അതേസമയം,​ പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികള്‍ ജില്ലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വിടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തകര്‍ന്നത് പുന:സ്ഥാപിക്കലല്ല, നവകേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ല. കേന്ദ്ര സഹായം കൂടാതെ വിദേശ സഹായം ലഭിക്കുന്നതിനുള്ള സാദ്ധ്യതകളും തേടുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. ദുരിതാശ്വാസത്തിനുള്ള പണം ഒരു തരത്തിലും വകമാറ്റി ചെലവിടില്ല. കിട്ടിയ പണത്തിന് എല്ലാം തന്നെ കണക്കുകളുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.