കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ക്ഷമതാ പരിശോധന വിജയകരം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ ക്ഷമതാ പരിശോധന വിജയകരം. ബീച്ച് ക്രാഫ്റ്റ് വിഭാഗത്തിലെ ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എല്‍.എന്‍.പ്രസാദ്, പൈലറ്റുമാരായ സഞ്ജീവ് കശ്യപ്, ദീക്ഷിത്, എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്മാരായ നിഥിന്‍ പ്രകാശ്, സുധീര്‍ ദെഹിയ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ്, എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡപ്യുട്ടി ജനറല്‍ മാനേജര്‍ ജി. പ്രദീപ് കുമാര്‍, ടീം അംഗങ്ങളായ കിരണ്‍ ശേഖര്‍, എസ്.എല്‍,വിഷ്ണു, നിധിന്‍ ബോസ്, കമ്മ്യൂണിക്കേഷന്‍, നാവിഗേഷന്‍, സര്‍വൈലന്‍സ് ടീം അംഗങ്ങളായ മുരളീധരന്‍, എം.കെ.മോഹനന്‍, ടിജോ ജോസഫ്, ജാക്‌സണ്‍ പോള്‍, മീന ബെന്നി, ഓപറേഷന്‍സ് വിഭാഗം സീനിയര്‍ മാനേജര്‍ ബിനു ഗോപാല്‍, മാനേജര്‍ ബിജേഷ്, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ വേലായുധന്‍ മണിയറ, ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം മാനേജര്‍ ഇ.ഷൗക്കത്തലി തുടങ്ങിയവര്‍ ചേര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി സംഘത്തെ യാത്രയാക്കിയത്.

ഗ്ലൈഡ് പാത്ത്, വിവിധ സിഗ്‌നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് ഇവര്‍ വിമാനം പറത്തിയത്. സാങ്കേതിക മികവില്‍ മാത്രമല്ല, ആകാശത്തുനിന്നുള്ള കാഴ്ചയിലും കണ്ണൂര്‍ വിമാനത്താവളം അതിമനോഹരമാണെന്നു സംഘം അഭിപ്രായപ്പെട്ടു.

ഡല്‍ഹിയിലെത്തിയശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും.