കെ.പി.എം.ജിയുമായി മുന്നോട്ട് പോകും; മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ല: ഇ.പി ജയരാജന്‍

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റ്  നെതര്‍ലന്‍ഡ് ആസ്ഥാനമായ  കെ.പി.എം.ജി തന്നെയെന്ന് മന്ത്രി ഇ.പി ജയരാജന്‍. കണ്‍സള്‍ട്ടന്‍സി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. കെ.പിഎം.ജിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കഴമ്പുള്ളതായി കരുതുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, കുട്ടനാട്ടില്‍ മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. പ്രളയദുരന്ത നിവാരണ ബാധിതര്‍ക്കുള്ള കിറ്റ് വിതരണം ഈ ആഴ്ച്ച പൂര്‍ത്തിയാക്കും.
36,762 കിറ്റുകളാണ് ഇനി വിതരണം ചെയ്യാനുള്ളത്. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തുടങ്ങിയെന്നും ജയരാജന്‍ പറഞ്ഞു.

എന്നാല്‍, കെപിഎംജിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധീരനും രംഗത്തെത്തിയിരുന്നു. പുനര്‍നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കെ.പി.എം.ജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഇത് ആശങ്കാജനകമാണ്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികള്‍ മുന്നോട്ട് പോകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകളെന്ന് സുധീരന്‍ പറഞ്ഞു.

അതേസമയം, പ്രളയ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരും ജനങ്ങളും ഏറെ മികവു പുലര്‍ത്തിയ സാഹചര്യത്തിലാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഒരു ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയുടെ സഹായം വേണോ എന്ന സംശയം ഉയരുന്നത്.

ആഗസ്റ്റ് 30 ലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള പുനര്‍നിര്‍മ്മാണത്തില്‍ കണ്‍സള്‍ട്ടന്റ് പാര്‍ട്ടണറാകാന്‍ കെ.പി.എം.ജി തയ്യാറാണെന്ന് അവര്‍ അറിയിച്ചതായി പറഞ്ഞത്. സൗജന്യമായി സേവനം നല്‍കാന്‍ കെ.പി.എം.ജി സന്നദ്ധത അറിയിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.പി.എം.ജി സിഇഒയുംചെയര്‍മാനുമായ അരുണ്‍ എം.കുമാറാണ് മുഖ്യമന്ത്രിയെ സന്നദ്ധത അറിയിച്ചത്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാനസൗകര്യ വികസനം, ജീവിതോപാധികള്‍ എന്നിവയെല്ലാം അടുത്ത തലമുറ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായി സ്ഥിര സ്വഭാവത്തോടെ വികസിപ്പിക്കാമെന്നാണ് കെ.പി.എം.ജി കേരളസര്‍ക്കാരിന് നല്‍കിയ വാഗ്ദാനം.

കെ.പി.എം.ജി എന്ന കണ്‍സള്‍ട്ടിംഗ് ഏജന്‍സി നെതര്‍ലാന്‍ഡ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ലോകമെമ്പാടും പ്രവര്‍ത്തനം നടത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് ഏജന്‍സിയാണിത്. ഏണസ്റ്റ് ആന്റ് എംഗ്, പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴ്‌സ് എന്നിവയെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സള്‍ട്ടിംഗ് ഏജന്‍സിയാണിത്. കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ കമ്പനിയുമായുള്ള ബന്ധം വ്യക്തമാക്കി ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാരവന്‍ മാഗസിന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കെ.പി.എം.ജിയുടെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജി ഇന്ത്യയാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.

2017 ഡിസംബര്‍ 5ന് പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് 2018 ഫെബ്രുവരി 23 ലെ കാരവന്‍ മാഗസിനാണ് പുറത്തുവിട്ടത്. ഉന്നത ഉദ്യോഗസ്ഥരായ നിരവധി പേരുടെ മക്കള്‍ക്ക് കെ.പി.എം.ജിയില്‍ ജോലി കൊടുത്തതായി കത്തില്‍ ആരോപിക്കുന്നു. അര്‍ബന്‍ ഡവലപ്‌മെന്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കാണ് ജോലി കൊടുത്തത് എന്നും കത്തില്‍ ആരോപിക്കുന്നു. അര്‍ബന്‍ ഡവലപ്‌മെന്റ് വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ജോയിന്റ് സെക്രട്ടറി എന്നിവരുടെ ബന്ധുക്കള്‍ക്കാണ് കെ.പി.എം.ജിയില്‍ ജോലി കൊടുത്തത്. രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ,ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ നിരവധി ബ്യൂറോക്രാറ്റുകളുടെ മക്കള്‍ കെ.പി.എം.ജിയുടെ പ്രധാന പദവികളില്‍ ഉദ്യോഗസ്ഥരാണന്നും കാരവന്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറയുന്നു. ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടേയും പൈതൃകനഗരവികസന പദ്ധതിയുടേയും എക്‌സിക്യൂട്ട് ഏജന്‍സി കെ.പി.എം.ജിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, സമാര്‍ട് സിറ്റി മിഷന്‍ എന്നിങ്ങനെ 5000 കോടി രൂപയുടെ വികസന പദ്ധതികളുമായി കെ.പി.എം.ജി സഹകരിക്കുന്നതായും കത്തില്‍ ആരോപിക്കുന്നതായി കാരവന്‍ മാഗസിന്‍ പറയുന്നു.

ദുരന്ത കാലത്ത് മൂലധനം വര്‍ധിപ്പിക്കുന്നതിന് ബഹുരാഷ്ട്ര കമ്പനികളും കണ്‍സള്‍ട്ടിംഗ് ഏജന്‍സികളും ഏങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദീകരിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സര്‍ക്കാര്‍ മിഷനുകളുടെ കരാര്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സംഘടിപ്പിച്ച് നല്‍കുന്നു എന്ന ആരോപണവും കാരവന്‍ പുറത്തുവിട്ട കത്തിലുണ്ട്. സിസ്‌കോ, ഐബിഎം യുണൈറ്റഡ് ടെക്‌നോളജീസ് എന്നിവക്ക് പ്രധാനമന്ത്രിയുടെ സ്മാര്‍ട് സിറ്റി പ്രൊജക്റ്റിന്റെ കരാറുകള്‍ സംഘടിപ്പിച്ചു നല്‍കി എന്നും കത്തിലുണ്ട്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയും കെ.പി.എം.ജിയുമായുള്ള ബന്ധവും കാരവന്‍ പ്രസിദ്ധീകരിച്ച കത്തില്‍ എടുത്തു പറയുന്നു.

കെ.പി.എം.ജിയുടെ ഇന്ത്യന്‍ തലവന്‍ അതിനു മുമ്പ് യു.എസിലും യുഎസ് ബഹുരാഷ്ട്ര സ്ഥാപനങ്ങളിലും വഹിച്ചിരുന്ന പദവികളും കത്തില്‍ പറയുന്നതായും കാരവന്‍ പറയുന്നു. കെ.പി.എം.ജി വക്താവ് ഇതെല്ലാം നിഷേധിച്ചതായി കാരവന്‍ പറയുന്നുണ്ട്. വസ്തുതാപരമായി ശരിയല്ലാത്ത ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്നും കെ.പി.എം.ജി വക്താവ് ഈ കത്തിനെ കുറിച്ച് പ്രതികരിച്ചതായി കാരവന്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം തേടി എങ്കിലും പ്രതികരണം ലഭ്യമായില്ലെന്നും കാരവന്‍ ലേഖനത്തില്‍ പറയുന്നു.

കെ.പി.എം.ജി സൗജന്യമായി സേവനം നല്‍കാം എന്നറിയിച്ചതായാണ് കേരളസര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. അങ്ങനെ സൗജന്യമായി സേവനം നല്‍കിയ ചരിത്രം കെ.പി.എം.ജിക്ക് ഇല്ലെന്നാണ് അവരെ സംബന്ധിച്ച രേഖകള്‍ പറയുന്നത്.ഈ സാഹചര്യത്തിലാണ് കേരളത്തിലെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പങ്കാളികളായവരും തന്നെ കെ.പി.എം.ജിയുടെ ഈ സ്വയം പ്രഖ്യാപിച്ച വരവിനെ സംശയത്തോടെ നോക്കി കാണുന്നത്.

അന്തര്‍ദേശീയതലത്തിലും കെപിഎംജി വിവിധ ക്രമക്കേടുകളുടെ പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് നടത്തിയതുമൂലം പലര രീതിയിലുള്ള അന്വേഷണങ്ങള്‍ നേരിടുന്ന കമ്പനിയാണ് കെ.പി.എം.ജി. ഓഡിറ്റിങില്‍ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണങ്ങളിലേക്ക് നയിച്ചത്.

കെപിഎംജിയേക്കുറിച്ച് ‘ദ എക്കണോമിസ്റ്റ്’ പ്രസിദ്ധീകരിച്ച വാര്‍ത്ത

ബ്രിട്ടനിലെ കാരിലിയോണ്‍ എന്ന പിന്നീട് ഇല്ലാതായ നിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയതാണ് കെ.പി.എം.ജിയെ വിവാദത്തിലാക്കിയത്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറച്ചുവെച്ചുകൊണ്ട് ആ സ്ഥാപനത്തിന് അനുകൂലമായ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നടന്ന പാര്‍ലമെന്ററി അന്വേഷണറിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനമാണ് കെ.പി.എം.ജിയ്ക്കെതിരെ ഉന്നയിച്ചത്. 19 വര്‍ഷമാണ് കെ.പി.എം.ജി ഈ കമ്പനിയുടെ ഓഡിറ്റിങ് നടത്തിയത്. കമ്പനിയുടെ സാമ്പത്തികാവസ്ഥ ബോധപൂര്‍വം മറച്ചുവെച്ചു എന്നാണ് ആരോപണം.

ദക്ഷിണാഫ്രിക്കയിലെ ബിസിനസ് സാമ്രാട്ടായ ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടാണ് കെ.പി.എം.ജി അന്വേഷണം നേരിടുന്നത്. നിരവധി അഴിമതി ആരോപണങ്ങളുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നേരിടുന്ന ബിസിനസ് കുടുംബമാണ് ഗുപ്തയുടേത്. ആക്ഷേപങ്ങളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ചില സ്ഥാപനങ്ങള്‍ കെ.പി.എം.ജിയുമായുള്ള സഹകരണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. യു എ ഇയില്‍ അബ്രാജ് എന്ന കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ടും കെ.പി.എം.ജി അന്വേഷണം നേരിടുന്നുവെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളെയും തുടര്‍ന്ന് ഓഡിറ്റിങ് സേവനങ്ങള്‍ കുറ്റമറ്റതാക്കുമെന്ന് കെ.പി.എം.ജി അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2003ല്‍ കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെ.പി.എം.ജി എല്‍എല്‍പിയെ ഡിപ്പാര്‍ട്മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നികുതി വെട്ടിപ്പിന് അവസരം നല്‍കിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 456 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് കെ.പി.എം.ജി അവസാനിപ്പിക്കുകയായിരുന്നു.

2017ല്‍ കെ.പി.എം.ജിയ്ക്ക് യു എസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ 6.2 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തി. മില്ലര്‍ എനര്‍ജി റിസോഴ്സസ് എന്ന കമ്പനിയുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട നടത്തിയ ക്രക്കേടുകളാണ് പിഴ ചുമത്താന്‍ ഇടയാക്കിയത്.

കെ.പി.എം.ജിയുടെ ഓഡിറ്റിങ് സര്‍വ്വീസുകളുമായി ബന്ധപ്പെട്ടാണ് അന്താരാഷ്ട്ര തലത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. പുനര്‍നിര്‍മ്മാണത്തിന് കണ്‍സല്‍ട്ടന്‍സി സേവനമാണ് കേരളം ഉപയോഗിക്കുക. ഏതൊക്കെ മേഖലയുമായി ബന്ധപ്പെട്ടായിരിക്കും കമ്പനി കേരള സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുകയെന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. സമാനമായി കെ.പി.എം.ജി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.