നാഥനില്ലാപ്പടയായ മന്ത്രിസഭയില്‍ തമ്മില്‍തല്ലി മന്ത്രിമാരും മന്ത്രിമാരെ പരിഹസിച്ച് ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്കുപോയതോടെ നാഥനില്ലാപ്പടയായ മന്ത്രിസഭയില്‍ തമ്മില്‍തല്ലി മന്ത്രിമാരും മന്ത്രിമാരെ പരിഹസിച്ച് ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും. പിണറായിക്കു മുന്നില്‍ പൂച്ചകുട്ടികളായി പമ്മിയിരുന്ന മന്ത്രിമാരാണ് പിണറായിയുടെ അഭാവത്തില്‍ കൊമ്പുകോര്‍ക്കുന്നത്.

കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെ അഡീഷണല്‍ ചീഫ് സെക്രട്ടറികൂടിയായ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ പൊതുവേദിയില്‍ അപമാനിക്കുകയും ചെയ്തു. പി.എച്ച് കുര്യനെതിരെ മന്ത്രി സുനില്‍കുമാര്‍ പരാതി നല്‍കിയിരിക്കുകയാണ്.

യുവജനോത്സവവും ചലച്ചിത്രമേളകളുമടക്കം മാറ്റിവെച്ച ഉത്തരവിറങ്ങിയതോടെ അതിനെതിരെ പരസ്യപ്രതികരണവുമായി മന്ത്രി എ.കെ ബാലനാണ് ആദ്യം രഗത്തെത്തിയത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ രംഗത്തിറങ്ങിയത് അപൂര്‍വതയായി. പിണറായി ചികിത്സക്ക് അമേരിക്കക്ക് പോകുംമുമ്പെ തീരുമാനിച്ചതാണെന്നു വന്നതോടെ ബാലന്‍ പിന്‍വാങ്ങി. ആഘോഷങ്ങള്‍ മാറ്റിവെച്ചതിന് ന്യായീകരിച്ച് മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തി.

ആലപ്പുഴ കൈനകരിയില്‍ വെള്ളം പമ്പുചെയ്യുന്നതിലെ പിടിപ്പുകേടിനെ ചൊല്ലി മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും പരസ്പരം കൊമ്പുകോര്‍ത്തു. മന്ത്രിയായതോടെ നാക്കുപിഴക്ക് അവധികൊടുത്ത വൈദ്യുതി മന്ത്രി എം.എം മണിയും കസറി. ഓരോ നൂറ്റാണ്ടിലും പ്രളയം വരും അതില്‍കുറേ പേര്‍ മരിക്കുമെന്ന് പറഞ്ഞ് മന്ത്രി പരിസ്ഥിതി പ്രവര്‍ത്തകരുടെമേല്‍ കുതിരകയറി.

നെല്‍കൃഷിയുടെ ഏരിയ കൂട്ടുന്നത് എന്തോ മോക്ഷം പോലെയാണ് മന്ത്രിക്കെന്നാണ് റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍, കൃഷി മന്ത്രി സുനില്‍കുമാറിനെ പരിഹസിച്ചിരുന്നത്.

PH Kurian

കുട്ടനാട്ടിലെ നെല്‍കൃഷിരീതി പരിസ്ഥിതി വിരുദ്ധമാണെന്നും നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂണിറ്റുകളോ മത്സ്യകൃഷിയോ ടൂറിസമോ നടത്തണമെന്നും ഇടതുമുന്നണിയുടെ നയങ്ങള്‍ക്ക് വിരുദ്ധമായി റവന്യൂ സെക്രട്ടറി പറഞ്ഞു. അതീവഗുരുതരമായ സര്‍വീസ് ചട്ടലംഘനമുണ്ടായിട്ടും മന്ത്രി സുനില്‍കുമാര്‍ പരാതി നല്‍കിയിട്ടുപോലും കുര്യനെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പി.എച്ച് കുര്യനും തമ്മില്‍ നേരത്തെ തന്നെ പോരിലാണ്. റവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്നും കുര്യനെ മാറ്റണമെന്ന് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതുവരെ ചെവിക്കൊണ്ടിട്ടില്ല.

ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച ശേഷം വീണ്ടും മന്ത്രിസഭയില്‍ മടങ്ങിയെത്തിയ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെ കെ.എസ്,ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പത്മകുമാറും വകവെക്കുന്നില്ലെന്ന പരാതിയുണ്ട്. എങ്കിലും ഇവരുമായി ഏറ്റുമുട്ടാതെ പരാതി ഉള്ളിലൊതുക്കുകയാണ് ശശീന്ദ്രന്‍.

ഹെഡ് മാസ്റ്റര്‍ കുട്ടികളെ നിയന്ത്രിക്കുന്നപോലെയായിരുന്നു പിണറായി സഹമന്ത്രിമാരെ കൈകാര്യം ചെയ്തിരുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ മന്ത്രിസഭയിലും എതിര്‍ശബ്ദങ്ങളുണ്ടാവാറില്ല. എന്നാല്‍ പിണറായി ചികിത്സക്കു പോയതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്.