2500 രൂപ മുടക്കി സോഫ്റ്റ്‌വെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങളടങ്ങിയ ആധാര്‍ ചോര്‍ത്താന്‍ കഴിയുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ്

ന്യൂഡല്‍ഹി: ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാര്‍ എല്ലാ തരത്തിലും സുരക്ഷിതമാണെന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഐഎ)യുടെ വാദത്തിനിടെ ആധാര്‍ സംബന്ധിച്ച സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്യപ്പെട്ടു. 2500 രൂപ മുടക്കി സോഫ്റ്റ്‌വെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങളടങ്ങിയ ആധാര്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അമേരിക്കന്‍ പത്രമായ വാഷിങ്ടണ്‍ പോസ്റ്റ് കണ്ടെത്തി.

അടിസ്ഥാന തലത്തിലുള്ള കോഡിംഗ് അറിയാവുന്ന ആര്‍ക്കും ആധാര്‍ സോഫ്റ്റ്‌വെയറില്‍ കടന്നു കയറാനാകും. ആധാര്‍ സോഫ്റ്റ്‌വെയര്‍ സുരക്ഷിതമല്ലെന്നുള്ളതിന് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ദധരുടെ അഭിപ്രായങ്ങളും റിപ്പോര്‍ട്ടിനൊപ്പം പത്രം ചേര്‍ത്തിട്ടുണ്ട്. ആധാര്‍ സോഫ്റ്റ്‌വെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോകള്‍ യൂ ട്യൂബില്‍ ലഭ്യമാണ്. ഇതിന് ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും പത്രം പറയുന്നു.

എന്നാല്‍, ഈ സോഫ്റ്റ്‌വെയര്‍ പാച്ചുകള്‍ ഒന്നും തന്നെ ആധാര്‍ ഡേറ്റാബേസിലെ വിവരങ്ങള്‍ വായിക്കാനുള്ള അനുമതി നല്‍കുന്നില്ല. ആധാറില്‍ മറ്റ് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അവസരമാണ് നല്‍കുന്നത്. അതിനര്‍ത്ഥം ആധാര്‍ ഡേറ്റാബേസിലേക്ക് ആര്‍ക്ക് വേണമെങ്കിലും വ്യാജ വിവരങ്ങള്‍ ചേര്‍ക്കാവുന്നതേയുള്ളൂ. ഇതിലൂടെ ആര്‍ക്ക് വേണമെങ്കിലും ഒന്നില്‍ കൂടുതല്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമായി നിര്‍മ്മിക്കാനാകും.

അടുത്തിടെ യുഐഡിഐഎ ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി ഏറ്റെടുത്ത എലിയറ്റ് ആന്‍ഡേഴ്‌സണ്‍ എന്ന എത്തിക്കല്‍ ഹാക്കര്‍ അദ്ദേഹത്തിന്റെ ജി മെയില്‍ ഐഡിയുടെ പാസ്‌വേര്‍ഡ് വരെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.