ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല; കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണം നടക്കുന്നുവെന്നും മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു.

അതേസമയം,മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന്  കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. പരാതി പറഞ്ഞിട്ടും സ്വന്തം സഭയിലെ കന്യാസ്ത്രീകളെ മദര്‍ വിശ്വസിച്ചില്ല. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയാണ് മദര്‍ ജനറല്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പരാതിയില്‍ സത്യമുള്ളതിനാലാണ് കന്യാസ്ത്രീക്കൊപ്പം നില്‍ക്കുന്നതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

ഇതിനിടെ,ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതി.  മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങിയെന്നും കന്യാസ്ത്രീയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് പൊലീസിനെയും സര്‍ക്കാരിനെയും സ്വാധീനിച്ചു. കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തന്റെ അനുഭവം തെളിയിച്ചെന്നും കന്യാസ്ത്രീ കത്തില്‍ കുറിച്ചു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിനാണ്. കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് കന്യാസ്ത്രീ കത്തയച്ചത്.