ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍; അച്ഛന്റെ പതനത്തിന് കാരണം സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കള്‍

തൃശൂര്‍: ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍. കേസുമായി ബന്ധപ്പെട്ട വിമര്‍ശന ശരങ്ങള്‍ കരുണാകരനു നേരെ തിരിച്ചതും കരുണാകരന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ചു നേതാക്കളാണെന്ന് പത്മജ തുറന്നടിച്ചു. എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് പറയില്ലെന്നും ആവശ്യ സമയത്ത് ഇത് വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

തന്‍റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നു-പത്മജ പറഞ്ഞു. കരുണാകരന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് ഇനിയുള്ള തന്‍റെ നിലപാടുകള്‍ സഹോദരനും എംഎല്‍എയുമായ കെ.മുരളീധരനോട് കൂടി ആലോചിച്ച ശേഷം പറയാമെന്നും വ്യക്തമാക്കിയാണ് അവര്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.