ആ കുട്ടി നിലവിളിച്ചുകൊണ്ട് വീട്ടില്‍ വന്ന് പറഞ്ഞ കാര്യങ്ങളെ എനിക്കറിയാവൂ; ദിലീപാണ് ചെയ്തതെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല: ലാല്‍

മലയാള സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. അതിനെ തുടര്‍ന്ന് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും മൂന്നു മാസത്തോളം ജയില്‍ ശിക്ഷ ലഭിച്ചതും ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. കേസിന്റെ വിചാരണയും അന്തിമ വിധിയും ഇനിയും വന്നിട്ടില്ല. സംഭവദിവസം ആക്രമണത്തിരയായ നടി അഭയത്തിനായി ആദ്യം ഓടിയെത്തിയത് നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെയാണ് പോലീസിനെ അറിയിക്കുന്നതും തുടര്‍ന്നുള്ള കാര്യങ്ങള്‍ നടക്കുന്നതും.

എന്നാല്‍, ഈ സംഭവത്തില്‍ താന്‍ സത്യസന്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും ചില മാധ്യമങ്ങള്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നും പറയുകയാണ് ലാല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമഖത്തിലാണ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബദ്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ലാല്‍ പ്രതികരിച്ചത്.

‘അക്കാര്യത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ചില മാദ്ധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്‌തെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ചുകൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്നു പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാര ശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.’

കഴിഞ്ഞ ഫെബ്രുവരി 17 നാണ് കൊച്ചിയില്‍ കാറില്‍ വച്ച് മലയാളത്തിലെ യുവനടി ആക്രമിക്കപ്പെടുന്നത്. ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2വിന്റെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ