സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സാലറി ചലഞ്ചിലെ വിസമ്മതപത്രം ധനവകുപ്പ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമ്മതപത്രമാക്കി ഉത്തരവ് തിരുത്തണം. ധനകാര്യ വകുപ്പ് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തരക്കാരാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ സഹായഹസ്തം നീട്ടാത്ത ഒരാള്‍ പോലും കേരളത്തിലില്ല.ഈ സാഹോദര്യം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.സര്‍ക്കാര്‍ ജീവനക്കാരെ രണ്ടാക്കി തിരിച്ചു സ്പര്‍ദ്ധ വളര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ശമ്പളം നല്‍കാന്‍ പറ്റാത്തവരെ നാണിപ്പിക്കല്‍ ആണോ മന്ത്രിയുടെ ഉദ്ദേശം.ധനകാര്യമന്ത്രിക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡാം തുറന്നിട്ടല്ല പ്രളയമുണ്ടായതെന്ന മന്ത്രിമാരുടെ പ്രസ്താവന ജലകമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കാതെയാണ്. മഴ മാത്രമല്ല ഡാം തുറന്നതും പ്രളയ കാരണമായെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഹാരിസണ്‍ കേസില്‍ തോല്‍ക്കാന്‍ കാരണം സര്‍ക്കാരിന്റെ ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സമര്‍ത്ഥമായി കേസ് കൈകാര്യം ചെയ്ത സുശീല ഭട്ടിനെ സര്‍ക്കാര്‍ മാറ്റി.