ബാര്‍കോഴ കേസ് അട്ടിമറിച്ചു; മാണിക്കെതിരെ തെളിവുണ്ടായിരുന്നു: ജേക്കബ് തോമസ്

തിരുവനന്തപുരം: ബാര്‍കോഴ കേസിലെ കെ.എം മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ജേക്കബ് തോമസ്. കെ.എം മാണിക്കെതിരെ തെളിവുണ്ടായിരുന്നെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. ഈ സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ കൂട്ടത്തോടെ എഴുതി തള്ളി. എസ്പി സുകേശന്‍ ശരിയായാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് അട്ടിമറിച്ചവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ കിട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നു. ബാര്‍ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്. അപ്പോഴേക്കും തന്നെ നിര്‍ബന്ധിത അവധി എടുപ്പിച്ചെന്നും ജേക്കബ് തോമസ് പറഞ്ഞു.

അന്വേഷണം പൂർണമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശരിയായ രീതിയിൽ അന്വേഷിച്ചില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ബാര്‍കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളിയത്. പൂട്ടിയ ബാറുകള്‍ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ടാണ് കോടതി തള്ളിയത്. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് വിജിലൻസ് മാണിക്ക് ക്ലീൻചിറ്റ് നൽകിയത്. അന്വേഷണ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടുകയോ, അല്ലെങ്കിൽ നിലവിള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നേരിട്ട് കേസെടുക്കണമെന്നുമായിരുന്നു കേസിൽ കക്ഷി ചേർന്നവരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ