ദുരഭിമാനക്കൊല; പൊലീസ് പിടികൂടിയ അക്രമികള്‍ക്ക് ഐഎസ്‌ഐ ബന്ധം

ഹൈദരാബാദ്: നല്‍ഗോണ്ടയില്‍ ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്‌തെന്നു പൊലീസ്. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കൊലപാതകം നടത്താന്‍ ഒരു കോടി രൂപയാണ് ഇവര്‍ക്കു വാഗ്ദാനം ചെയ്തിരുന്നത്. 18 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം മോചിപ്പിച്ചയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവഎന്‍ജിനീയറായ പെരുമല്ല പ്രണയ് കുമാറും ഭാര്യ അമൃതവര്‍ഷിണിയും ആശുപത്രിയില്‍നിന്നു മടങ്ങുമ്പോള്‍ കൊലയാളി പ്രണയിനെ വടിവാളിനു വെട്ടികൊലപ്പെടുത്തിയത്. പിതാവ് മാരുതി റാവുവും അമ്മാവന്‍ ശ്രാവണ്‍ റാവവുമാണ് കൊലയ്ക്കു പിന്നിലെന്ന് അമൃത ആരോപിച്ചിരുന്നു.

അതേസമയം ദളിത് വിഭാഗത്തില്‍പ്പെട്ട പ്രണയ്കുമാറിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള ദുരഭിമാനമാണ് കൊലപാതകത്തിന് പിന്നിലെന്ന് മാരുതി റാവു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇരുവരും അടുപ്പത്തിലാണെന്ന് അറിഞ്ഞതു മുതല്‍ ഇയാള്‍ പലതവണ പ്രണയ്കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണികളും എതിര്‍പ്പുകളും മറികടന്നായിരുന്നു ഇവര്‍ വിവാഹിതരായത്. ഇതിനുപിന്നാലെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ മാരുതി റാവു പദ്ധതി തയ്യാറാക്കിയത്.

ഹൈദരാബാദില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നതും തുടര്‍ന്നു കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതരായതും. പിന്നീട് ഇവരെ അംഗീകരിച്ച പ്രണയ്‌യുടെ കുടുംബം വിവാഹസല്‍ക്കാരം നടത്തുകയും ചെയ്തു. ഇതിന്റെ ഫൊട്ടോ അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും പിതാവിനെ രോഷാകുലനാക്കി.

തന്റെ മകളും ദലിത് ക്രിസ്ത്യാനിയായ കുമാറും തമ്മിലുള്ള വിവാഹം വര്‍ഷിണിയുടെ പിതാവായ തിരുനഗരി മാരുതി റാവുവിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ജാതിയായ വൈശ്യ വിഭാഗത്തില്‍പ്പെട്ട റാവു വാടക കൊലപാതികകളുടെ സഹായത്തോടെ കുമാറിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ഇപ്പോള്‍ റാവു, സഹോദരന്‍ ശ്രാവണ്‍, സുഹൃത്തായ അബ്ദുള്‍ കരീം എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ കരീമിന്റെ സഹായത്തോടെയാണ് റാവു കൊലപാതികളെ ഏര്‍പ്പെടുത്തിയതെന്നാണ് നിഗമനം. കൊലപാതകത്തെ കുറിച്ച് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമായ ചിത്രം ഉടന്‍ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ, ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം തുടര്‍ജീവിതം കഴിക്കാനാണ് തീരുമാനമെന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകില്ലന്നും അമൃത വര്‍ഷിണി വ്യക്തമാക്കി. എന്തു സംഭവിക്കുമെന്ന ഭീതിയുണ്ടെങ്കിലും വര്‍ഷിണിയെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് കുമാറിന്റെ പിതാവ് പെരുമല്ല ബാലസ്വാമി പറഞ്ഞു. മനുഷ്യത്വത്തിനു മുന്നില്‍ ജാതി തോറ്റു പിന്‍മാറുമെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.