ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച്  തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി. കോടതി വിധിപകർപ്പ് പുറത്തുവന്നു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എങ്ങനെയെങ്കിലും കേസ് കുഴിച്ച് മൂടാന്‍ വിജിലന്‍സിന് അമിതാവേശമെന്നാണ് കോടതി വിമര്‍ശിച്ചത്. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ വിജിലന്‍സ് ഒളിച്ചോടുകയാണ്. വസ്തുതാ വിവര റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിജിലന്‍സ് തേച്ചുമാച്ചു കളയാന്‍ ശ്രമിച്ചു. വിജിലന്‍സ് പ്രോസിക്യൂട്ടറെയും കോടതി വിമര്‍ശിച്ചു.

കോടതി നിര്‍ദേശിച്ച അന്വേഷണം വിജിലന്‍സ് നടത്തിയില്ലെന്നും വിമര്‍ശനമുണ്ടായി. ബാര്‍ ഉടമകളുടെ സംഘടനയുടെ മുന്‍ വര്‍ഷങ്ങളിലെ പണപ്പിരിവ് അന്വേഷിച്ചില്ല. തെളിവ് കണ്ടെത്താന്‍ വിജിലന്‍സ് ആത്മാര്‍ത്ഥത കാണിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തെളിവായി സ്വീകരിക്കാന്‍ കിഴിയില്ലെന്നറിഞ്ഞിട്ടും ശബ്ദരേഖ പരിശോധിച്ചു. അന്വേഷണം നടന്നത് ഒഴുക്കന്‍ മട്ടിലായിരുന്നെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.