കേരളത്തിന്റെ പുനര്‍നിര്‍മാണം: മുഖ്യമന്ത്രി നാളെ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ദ് ക്രൗണ്‍ പ്ലാസയില്‍ അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.പ്രാദേശിക സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ചികില്‍സയുടെ ആവശ്യത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം സംഘടിപ്പിക്കുന്നില്ലെന്നും തീര്‍ത്തും ലളിതമായ പരിപാടിയാണ് ഒരുക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. കേരളം പ്രളയത്തിന്റെ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികളോട് ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത്.

ചികില്‍സയുടെ ആവശ്യത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം സംഘടിപ്പിക്കുന്നില്ലെന്നും തീര്‍ത്തും ലളിതമായ പരിപാടിയാണ് ഒരുക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. കേരളം പ്രളയത്തിന്റെ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളികളോട് ഇതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത്.

യുഎസിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. നവകേരളം എങ്ങനെ പടുത്തുയര്‍ത്താം, അതിനുവേണ്ടി യുഎസ് മലയാളികളില്‍ നിന്നു സര്‍ക്കാര്‍ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നത് എന്നത് ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരിക്കുമെന്നാണ് കരുതുന്നത്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ നേതൃത്വം നല്‍കിയ യുഎസിലെ സംഘടനാ ഭാരവാഹികള്‍ പരിപാടിയില്‍ സംസാരിക്കും.

പൊതുപരിപാടിയല്ലാതെ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി മാത്രമാണ് പരിപാടി. മുഖ്യമന്ത്രി നേരിട്ട് യുഎസില്‍ നിന്ന് ഫണ്ട് പിരിവ് നടത്തില്ല. ഇതിന്റെ ചുമതല ധനമന്ത്രി തോമസ് ഐസക്കിനാണ്. ഇതിനായി ധനമന്ത്രി അടുത്തുതന്നെ യുഎസില്‍ എത്തുമെന്നാണ് കരുതുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

ചികിത്സയും അമേരിക്കന്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 23 ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ അമേരിക്കന്‍ യാത്ര മുഖ്യമന്ത്രി നീട്ടിവച്ചിരുന്നു.

ഓഗസ്റ്റ് 19 ന് അമേരിക്കയിലേക്ക് പോയി സെപ്തംബര്‍ ആറിന് തിരിച്ചെത്തുന്ന തരത്തിലായിരുന്നു ആദ്യം യാത്ര തീരുമാനിച്ചത്. പ്രളയം ഉണ്ടായതോടെ യാത്ര സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.