ചക്കരയ്ക്ക് അയച്ച ചിത്രങ്ങള്‍ എത്തിയത് ചക്കരക്കുളം ഗ്രൂപ്പില്‍; സിപിഐഎം നേതാക്കളുടെ പ്രണയ സല്ലാപം വാട്‌സാപ്പില്‍ പാട്ടായി

ആലപ്പുഴ: സിപിഐഎം നേതാക്കളുടെ പ്രണയ സല്ലാപം വാട്‌സാപ്പിലെത്തിയതോടെ അന്വേഷിക്കാന്‍ വീണ്ടും പാര്‍ട്ടി കമ്മീഷനെ നിയമിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഐഎം നേതാവ് തന്റെ ‘ചക്കര’യ്ക്ക് അയച്ച ചിത്രങ്ങള്‍ സെന്റ് ആയത് ‘ചക്കരക്കുളം’ ഗ്രൂപ്പിലേക്കാതോടെയാണ് സംഭവം നാടാകെ കണ്ടത്.

മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ വനിതാ നേതാവിനാണ് ചിത്രങ്ങള്‍ അയച്ചത്. ഇരുവരും തെന്മല വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയപ്പോള്‍ എടുത്ത സെല്‍ഫി ചിത്രങ്ങളും മറ്റുമാണ് യുവാവിന്റെ അശ്രദ്ധ മൂലം വാട്‌സാപ്പ് ഗ്രൂപ്പിലെത്തിയത്.

ബാങ്ക് ജീവനക്കാരനായ നേതാവ് ‘ചക്കര’ എന്ന പേരിലാണ് വനിതാ നേതാവിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത്. തന്റെ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ‘ചക്കര’യ്ക്ക് അയക്കുന്നതിനിടെ അശ്രദ്ധ മൂലം പ്രദേശത്തെ ‘ചക്കരക്കുളം’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പോവുകയായിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ സിപിഐഎം നിയോഗിച്ചു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ഇരുവരും തെന്മലയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എട്ട് ചിത്രങ്ങളാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ നേരില്‍ കണ്ട് ചിത്രം പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഗ്രൂപ്പിലെ ചില വിരുതന്മാര്‍ ഉന്നത നേതാക്കള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു.

ചേര്‍ത്തലയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഇരുവര്‍ക്കുമെതിരെ ചേര്‍ത്തല ഏരിയാ കമ്മിറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ് അന്വേഷണ കമ്മീഷനിലുള്ളത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്ക് പ്രദേശത്തെ ചില സിപിഐഎം നേതാക്കള്‍ രണ്ട് ചിത്രങ്ങളുടെ പ്രിന്റൗട്ട് സഹിതം പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പാര്‍ട്ടിയിലെ വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്നും ആരോപണമുണ്ട്.