ജേക്കബ് തോമസ് പറയുന്നു, വെറുമൊരു മോഷ്ടാവായോരെന്നെ…….

സ്വന്തം നെഞ്ചിന് നേരെ ആരോപണങ്ങളുയരുമ്പോള്‍ പച്ചക്കാര്‍ഡുമില്ല ചുവപ്പു കാര്‍ഡുമില്ല

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ ചുവപ്പും പച്ചയും നീലയും കാര്‍ഡുകളുമായിറങ്ങുന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രഖ്യാപിത നിലപാടുകളിലുള്ള ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം അഴിമതി വിരുദ്ധദിനാചരണ ചടങ്ങില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്ത് അഴിമതിയേ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ജേക്കബ് തോമസ് ഈ സുഖിപ്പിക്കല്‍ പ്രസംഗം നടത്തിയത്. അതേസമയം തനിക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് അദ്ദേഹമൊട്ട് മിണ്ടുന്നുമില്ല. ഈ ആരോപണങ്ങളെ വെള്ള പൂശുന്നതിനും ധനകാര്യ സെക്രട്ടറി കെ.എ എബ്രഹാം തനിക്കെതിരെ നല്‍കിയ പരാതിയില്‍ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെടാതിരിക്കാനുമാണോ ജേക്കബ് തോമസ് പിണറായിയെ സുഖിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ആരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ തെറ്റുപറയാനാകില്ല. സ്വയംപ്രഖ്യാപിത അഴിമതി വരുദ്ധനായ ജേക്കബ് തോമസിന്റെ ഈ സുഖിപ്പിക്കല്‍ നാടകം എത്രകാലം നടക്കുമെന്നതും കണ്ടറിയേണ്ടതാണ്.

സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതോ റോയിയെ രണ്ടുവര്‍ഷം തീഹാര്‍ ജയിലിലടച്ച കെ.എ എബ്രഹാമിനെ അഴിതിക്കേസില്‍ കുടുക്കാനുള്ള നീക്കമാണ് ജേക്കബ് തോമസിന്റെ അഴിമതി വരുദ്ധത കാപട്യത്തിന്റെ മൂടുപടമാണോയെന്ന സംശയം ആദ്യമായി പൊതുസമൂഹത്തിലുണ്ടാക്കിയത്. അഴിമതി നടത്തിയെന്ന് സ്ഥാപിക്കാന്‍ എബ്രഹാമിന്റെ ഫ്‌ളാറ്റ് അളന്ന് തിട്ടപ്പെടുത്താന്‍ പൊലീസുകാരെ അയച്ച നാടകമാണ് ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധതയ്‌ക്കേറ്റ ആദ്യപ്രഹരം. ചാനലുകളായ ചാനലുകളെയെല്ലാം ക്ഷണിച്ച ശേഷമായിരുന്നു പൊലീസുകാരെക്കൊണ്ട് ഈ വിശുദ്ധന്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ നടപ്പിലാക്കിയത്.

letter02

കെ.എ എബ്രഹാമിനു പുറമെ ടോം ജോസിനെതിരായ പരാതിയിലും വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. അതൊക്കെ നല്ലതു തന്നെ. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് പൊതുസമൂഹം ആവശ്യപ്പെടുന്നതും. എന്നാല്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഈ വിശുദ്ധന്‍ എന്തിനാണ് ഇത്രയേറെ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതെന്ന് മാത്രം മനസിലാകുന്നില്ല. വിജിലന്‍സ് വകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയോ ഫയലില്‍ സ്വീകരിക്കുകയോ ചെയ്യുന്ന എല്ലാ പരാതികളിലും പ്രതികള്‍ക്കെതിരെ ആരോപണങ്ങള്‍ മാത്രമാണുണ്ടാകുക. ഇത് അന്വേഷിച്ച് പരാതി സത്യമാണോയെന്നും അണെങ്കില്‍ അതിനുള്ള തെളിവുകള്‍ ശേഖരിക്കുകയുമാണ് എല്ലാ അന്വേഷണ ഏജന്‍സികളുടെയുടെയും ചുമതല. എന്നാല്‍ മറ്റെല്ലാവര്‍ക്കുമെതിരെ താന്‍ ഉന്നയിക്കാറുള്ളത് പോലൊരു ആരോപണം തനിക്കെതിരെ ഉയര്‍ന്നാല്‍ അതിനെ ഈ വിശുദ്ധന്‍ ഭയക്കുന്നത് എന്തിനാണെന്ന ചേദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.

ചട്ടവിരുദ്ധമായി സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടാന്‍ തയാറാകാതെ, പണം തിരികെ നല്‍കി എന്ന വിചിത്രമായ വാദമാണ് ജേക്കബ് തോമസ് ഉയര്‍ത്തുന്നത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നയിക്കുന്ന ഈ വിജിലന്‍സ് ഡയറക്ടറുടെ ഭാര്യ കുടകിലെ 150 ഏക്കര്‍ വനഭൂമി കയ്യേറിയതായി കര്‍ണ്ണാടക വനം വകുപ്പ് കണ്ടെത്തിയതും അടുത്തിടെയാണ്. കുടകിലെ കൊപ്പാട്ടിയിലാണ് ജേക്കബ് തോമസിന്റെ  ഭാര്യ ഡെയ്‌സിയുടെ പേരില്‍ വനഭൂമി കൈയ്യേറിയിരിക്കുന്നത്. ഭൂമി ഒഴിപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവുമിട്ടിട്ടുണ്ട്. 1991ല്‍ 15 ലക്ഷം രൂപക്ക് ഭാര്യ വാങ്ങിയതാണ് ഭൂമിയെന്നും ഇതില്‍ നിന്നും 35ലക്ഷം രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്നുണ്ടെന്നും ജേക്കബ് തോമസ് ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ ഭൂമി റിസേര്‍വ് ഫോറസ്റ്റ് മാപ്പില്‍ സ്വകാര്യ ഭൂമിയല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൈയ്യേറ്റമാണെന്നുമാണ് കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കുന്നത്. കൈയ്യേറ്റ ഭൂമിയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് വിറ്റ് ലാഭമുണ്ടാക്കിയ കേസ് വേറെയുമുണ്ട്.

letter01

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കോടികളുടെ ക്രമക്കേട് നടത്തിയെന്ന് ധനകാര്യവകുപ്പ് അടുത്തിടെ കണ്ടെത്തി. തുറുമുഖ വകുപ്പ് ഓഫിസുകളില്‍ കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് വന്‍ നഷ്ടമുണ്ടായെന്നും ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ വകുപ്പ് തല നടപടി വേണമെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തുറമുഖവകുപ്പ് ഡയറക്ടറുടെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെട്ടും വന്‍ക്രമക്കേടാണ് നടന്നത്. അനുവാദം വാങ്ങാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാല്‍ നഗരസഭയ്ക്ക് ഭീമമായ നികുതി നല്‍കേണ്ടിവരുന്നു. ഇതുവരെ തുറമുഖ കാര്യാലയത്തിന് വൈദ്യൂതി കണക്ഷനും അംഗീകൃത നമ്പരും ലഭിച്ചിട്ടില്ല. ഈ ഇനത്തില്‍ സര്‍ക്കാരിന് 52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. സോളാര്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ വകുപ്പ് എസ്റ്റിമേറ്റിട്ടതിലും 275 ശതമാനം കൂടുതലാണ് ജേക്കബ് തോമസ് ചെലവഴിച്ചത്. പത്തു ലക്ഷത്തിന് മുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനകാര്യവിഭാഗത്തിന്റെയും ഐ.ടി വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ ജേക്കബ് തോമസ് അനധികൃതമായി ഉപകരണങ്ങള്‍ വാങ്ങിയതും പരിശോധന വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വിവിധ ഓഫീസുകളിലേക്കായി 54.28 ലക്ഷം രൂപയുടെ ലാപ്ടോപും കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുകയും ചെയ്തു. ഫര്‍ണീച്ചര്‍ വാങ്ങിയതിലും സാമ്പത്തികമായി നഷ്ടവും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തില്‍നിന്നുമാണ് ഇത് വാങ്ങിയത്. ടെണ്ടറില്ലാതെ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള കത്തും സര്‍ക്കാരിന് നല്‍കി. ഇക്കാര്യത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവുണ്ടായത്. കൊടുങ്ങല്ലൂര്‍, നീണ്ടകര എന്നിവിടങ്ങളിലെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേടുകള്‍ നടത്തിയെന്ന് ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കണ്ടെത്തലുകളില്‍ അന്വേഷണം നേരിട്ട് സത്യസന്ധത തെളിയിക്കുന്നതിന് പകരം തന്നെ കുടുക്കാനുള്ള ശ്രമമാണെന്ന് കാട്ടി മുഖ്യമന്ത്രിയുടെ കാല്‍ച്ചുവട്ടില്‍ അഭയം തേടുന്ന ജേക്കബ് തോമസ് ആ വകുപ്പിന് തന്നെ അപമാനമാണ്.

ഇത്തരത്തില്‍ ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ തന്റെ നേര്‍ക്കുയരുമ്പോള്‍ പച്ചയും ചുവപ്പും കാര്‍ഡുകള്‍ പോക്കറ്റിലിട്ട് ഒളിച്ചോടുന്ന ഈ അഴിമതി വിരുദ്ധനെ എങ്ങനെ ജനം വിശ്വസിക്കും. തന്റെ എതിരാളികള്‍ക്കെതിരെ പകപോക്കാനുള്ള ആയുധമായാണ് ജേക്കബ് തോമസ് വിജിലന്‍സിനെ ഉപയോഗിക്കുന്നതെന്ന ആക്ഷേപവും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. ഇതിനായി പൊതുപ്രവര്‍ത്തകനെന്ന പേരില്‍ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഒരു ക്രിമിനലിനെ ഈ വിശുദ്ധന്‍ രംഗത്തിറക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ ഉയരവെ താന്‍ അഴിമതി വിരുദ്ധപരിവേഷം അണിഞ്ഞതു പോലെയാണ് ഈ ക്രമിനലിനെയും വിവരാവകാശ പ്രവര്‍ത്തകനാക്കി ജേക്കബ് തോമസ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍ക്കെതിരെ ഇയാള്‍ ഹര്‍ജി നല്‍കിയാലും അതുടന്‍ ഫയലില്‍ സ്വീകരിക്കുകയോ അന്വേഷണം നടത്തുകയോ ആണ് വിജിലന്‍സ് വകുപ്പിലെ ഇപ്പോഴത്തെ രീതി. ഇതും വിജിലന്‍സ് ഡയറക്ടറുടെ അഴിമതി വിരുദ്ധ പരിവേഷത്തെ കീറിയെറിയുന്നതാണ്.