മധ്യപ്രദേശില്‍ തീപാറുന്ന പോരാട്ടം; ഓരോ നിമിഷവും ലീഡ്‌നില മാറിമറിയുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ തീപാറുന്ന പോരാട്ടം. ഓരോ നിമിഷവും കോണ്‍ഗ്രസ്, ബി.ജെ.പി ലീഡുകള്‍ മാറിമറിയുകയാണ്. നിലവില്‍ ബി.ജെ.പി 106, കോണ്‍ഗ്രസ് 113 എന്ന നിലയിലാണ് ലീഡ് നില. എന്നാല്‍ ഈ സ്ഥിതിയും ഏത് സമയത്തും മാറിമറിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറുന്നത്.

ഇരു പാര്‍ട്ടികളും പല സമയത്തും വിജയിച്ചു എന്ന് തോന്നിപ്പിച്ച ശേഷമാണ് ഫലം മാറിമറിഞ്ഞത്. ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു എന്നത് കൊണ്ടുതന്നെ നിലവിലെ ഫലത്തെ ആശങ്കയോടുകൂടിയാണ് ഇരു ക്യാമ്പുകളും നോക്കിക്കാണുന്നത്. ബി.എസ്.പി ആറ് സീറ്റിലും മറ്റുള്ളവര്‍ 8 സീറ്റിലും ഇപ്പോഴും ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, ബിഎസ്പിയെ ചാക്കിലാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ബിഎസ്പിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നാല് മന്ത്രിപദവികളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ബിജെപി.

എന്നാല്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉറപ്പിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബി.എസ്.പിയും എസ്.പിയും വൈകാതെ തന്നെ തങ്ങള്‍ക്കൊപ്പം ചേരുമെന്നും ഇരുപാര്‍ട്ടികളും ബി.ജെ.പിക്ക് എതിരാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു. എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ ഉണ്ടാകും. അക്കാര്യത്തില്‍ സംശമയില്ല. ബി.ജെ.പിക്കെതിരാണ് ഇരുപാര്‍ട്ടികളുമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

മോദി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട് സിറ്റി സ്‌കീം, നോട്ട് നിരോധനം എന്നിങ്ങനെ മോദിയുടെ എല്ലാ പദ്ധതികളും വലിയ അഴിമതികളായിരുന്നെന്നും അശോക് ഗെഹ്‌ലോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതയലേറ്റ ശേഷമുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏറെ മികച്ചതായിരുന്നെന്നും സോണിയാ ഗാന്ധി നയിച്ച വഴിയിലൂടെ തന്നെ അദ്ദേഹം നടന്നെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.