തെരേസാ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം. തെരേസാമയുടെ സ്വന്തം പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് വന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയിലെ തെരേസാ മേയുടെ നിലപാടിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം.

അവിശ്വാസ പ്രമേയത്തെ മുഴുവന്‍ കരുത്ത് ഉപയോഗിച്ച് നേരിടുമെന്ന് തെരേസാ മേ പറഞ്ഞു. നേതൃമാറ്റം രാജ്യത്തിന്റെ ഭാവിക്ക് തന്നെ ഭീഷണിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രെക്‌സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞ ദിവസം തെരേസാ മേ മാറ്റിയിരുന്നു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു നടപടി.

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ വിട്ടുപോരുന്നതു (ബ്രെക്‌സിറ്റ്)സംബന്ധിച്ച് ഇയുവുമായി തെരേസാ മേ ഒപ്പുവച്ച കരാര്‍ പാര്‍ലമെന്റ് പാസാക്കിയാലേ പ്രാബല്യത്തില്‍ വരൂ. ബ്രിട്ടന് കിട്ടാവുന്ന ഏറ്റവും മെച്ചപ്പെട്ട കരാറാണിതെന്നു മേ പറഞ്ഞെങ്കിലും എംപിമാരെ വിശ്വസിപ്പിക്കാനായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ