പ്രതിഷേധക്കാര്‍ ഇരച്ചെത്തിയതോടെ യുവതികളും പൊലീസും ഗാര്‍ഡ് റൂമില്‍ ഓടിക്കയറി; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ നിന്നും മനിതി സംഘം മടങ്ങി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം ആറ് മണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവില്‍ മടങ്ങി. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം പറഞ്ഞു. അതേസമയം യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. യുവതികളെ തടഞ്ഞ സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തുവെന്നും 11 പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു.

ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മനിതി സംഘം നേരത്തെ തന്നെ തീയതി പ്രഖ്യാപിച്ച് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ പമ്പയിലും സന്നിധാനത്തും ആചാര സംരക്ഷണത്തിന് മതിയായ പരിവാറുകാരും തയ്യാറെടുത്തു. ഇവര്‍ നാമജപവുമായി യുവതികളെ പമ്പയില്‍ തടഞ്ഞു. 11 പേരുള്ള മനിതി സംഘത്തില്‍ ആറ് പേരാണ് ഇരുമുടികെട്ടു നിറച്ചത്. കെട്ടു നിറയ്ക്കാന്‍ പരികര്‍മ്മികള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംഘം സ്വയം കെട്ടു നിറച്ചത്. പൊലീസ് മനീതി സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വാമിയെ ദര്‍ശിക്കാതെ തിരിച്ചു പോകില്ലെന്ന് തങ്ങള്‍ പൊലീസിനെ അറിയിച്ചതായി ശെല്‍വി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്നും എന്തൊക്കെ സംഭവിച്ചാലും ദര്‍ശനം നടത്തുമെന്നും സംഘം അറിയിച്ചു. ദര്‍ശനം നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്നു മനിതി സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഞ്ച് മണിക്കൂറിലേറെ പമ്പയില്‍ കാനന പാത തുടങ്ങുന്ന ഭാഗത്ത് മനിതി സംഘം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭക്തര്‍ കൂടിയായപ്പോള്‍ പ്രതിഷേധ സ്ഥലത്ത് വലിയ തിരക്കായി.

നാടകീയ നീക്കങ്ങള്‍ രാവിലെ പതിനൊന്നോടെയാണ് പൊലീസ് നടത്തിയത്. ഒരു മണിക്ക് നട അടയ്ക്കും. അതുകൊണ്ട് പതിനൊന്ന് മണി കഴിഞ്ഞാല്‍ മല ചവിട്ടാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകും. ഇത് മനസ്സിലാക്കിയാണ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. പ്രതീക്ഷിച്ചതു പോലെ പതിനൊന്ന് മണിയോടെ ഗണപതി കോവില്‍ കടന്ന് മലകയറുന്നവരെ പൊലീസ് നിയന്ത്രിച്ചു. ഇതിനൊപ്പം മല ഇറങ്ങി ഭക്തരെത്തുന്നില്ലെന്നും ഉറപ്പായി. ഇതോടെ പ്രതിഷേധക്കാര്‍ മാത്രമായി മാറുന്ന അവസ്ഥയുണ്ടായി. നാമജപവുമായി പൊരിവെയിലത്തിരുന്ന ഭക്തരെ കമാന്റോകള്‍ ബലം പ്രയോഗിച്ച് മാറ്റി. ജീപ്പില്‍ ഇവരെ ഒഴിപ്പിച്ച ശേഷം മനിതിക്കാരുമായി മല ചവിട്ടി. എന്നാല്‍ പൊലീസിന്റെ തന്ത്രം പൊളിഞ്ഞത് നിമിഷ നേരം കൊണ്ടായിരുന്നു. മല ഇറങ്ങി വരുന്ന അയ്യപ്പഭക്തര്‍ പ്രതിഷേധത്തിന് മുതിരില്ലെന്ന് കരുതിയ പൊലീസിന് തെറ്റി. വനിതകളെ കണ്ടതോടെ അയ്യപ്പഭക്തര്‍ തടഞ്ഞു നിര്‍ത്തി. എല്ലാ ഭക്തരും യുവതികള്‍ക്ക് നേരെ ഓടി അടുത്തു. ഇതോടെ മനിതിക്കാര്‍ പ്രാണനും കൊണ്ട് ഓടി. പുറകെ പൊലീസും. പമ്പയിലെ ഗാര്‍ഡ് റൂമില്‍ നിന്ന് പാടുപെട്ട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി.

നാമജപ പ്രതിഷേധക്കാര്‍ക്കെതിരായ നടപടിക്ക് ശേഷം യുവതികളെ പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ വച്ച് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ മനിത സംഘവുമായി സംസാരിച്ചു. തുടര്‍ന്നാണ് യുവതികളുമായി പൊലീസ് വാഹനം നിലയ്ക്കലേക്ക് തിരിച്ചത്.

വാഹനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മനിതി സംഘത്തിലെ മുതിര്‍ന്ന അംഗം ശെല്‍വിയാണ് പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്ന് ആരോപിച്ചു. ശബരിമല ദര്‍ശനത്തിനായി മടങ്ങി വരുമെന്നും ശെല്‍വി പറഞ്ഞു. യുവതികളും പൊലീസും രണ്ട് രീതിയില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ വീണ്ടും പൊലീസിന്റെ വിശദീകരണം തേടി. എന്നാല്‍ സ്വന്തം തീരുമാനപ്രകാരമാണ് യുവതികള്‍ മടങ്ങിയത് എന്ന് പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ആവര്‍ത്തിച്ചു. മനിതി സംഘം മടങ്ങിയെത്തിയാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കല്‍ വരെ മാത്രമേ പൊലീസ് വാഹനത്തില്‍ യുവതികളെ കൊണ്ടുപോകുന്നുള്ളൂ എന്നും അതിന് ശേഷം സ്വന്തം വാഹനത്തിലാവും മനിതി സംഘം മടങ്ങുക എന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. എന്നാല്‍ മനിതി സംഘത്തെ പൊലീസ് വാഹനത്തില്‍ നിന്ന് പുറത്തെിറക്കാതെ നേരെ നിലയ്ക്കലേക്ക് കൊണ്ടുപോയത് യുവതികള്‍ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാനാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.

മധുരയിലേക്ക് തിരിച്ചു മടങ്ങുകയാണെന്ന് മനിതിക്കാര്‍ പൊലീസിനെ അറിയിച്ചു. ആവശ്യപ്പെടുന്ന സ്ഥലം വരെ പൊലീസ് അവര്‍ക്ക് സുരക്ഷ ഒരുക്കും. പൊലീസിന് പരാതി നല്‍കിയിട്ടാണ് മനിതി സംഘം മടങ്ങിയത്. ഭക്തര്‍ ആക്രമിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരാണ് ഭക്തര്‍ ആരാണ് പ്രതിഷേധക്കാര്‍ എന്ന് തിരിച്ചറിയാനാകാത്ത സ്ഥിതായണുള്ളതെന്ന് പൊലീസും പറയുന്നു. അതിനിടെ ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് ‘മനിതി’യെന്നു കേന്ദ്ര ഇന്റലിജന്‍സ് അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് കൈമാറി. ഇത് സംസ്ഥാന സര്‍ക്കാരിനും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

അതേസമയം ശബരിമലയില്‍ പ്രതിഷേധിച്ച മതിനിയുടെ ആറു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സജീവമാണ്. ശബരിമലയില്‍ അറിയപ്പെടുന്ന നേതാക്കളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും യുവതികളെ ഭക്തര്‍ ഓടിച്ചുവെന്നതാണ് ശ്രദ്ധേയം. നേരത്തെ പ്രതിഷേധമുണ്ടാകുമ്പോള്‍ കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കളുടെ സാന്നിധ്യം സന്നിധാനത്തും പമ്പയിലുമൊക്കെ ഉണ്ടായിരുന്നു.

കമ്പംമേട് ചെക്ക്‌പോസ്റ്റ് വഴിയാണ് സംഘം എത്തിയത്. തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇവര്‍ പോരുന്ന വഴിയാകെ ബിജെപിക്കാരുടെ പ്രതിഷേധം ഉണ്ടായിരുന്നു. കട്ടപ്പന പാറക്കടവില്‍ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി. പൊലീസാണ് പ്രതിഷേധ സംഘത്തെ നീക്കിയത്.