1924 ലെ പ്രളയം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നേരിട്ടതിങ്ങനെ

ഇന്നത്തെ അത്രയും വിഭവങ്ങളോ സാങ്കേതിക വിദ്യയോ ഇല്ലാത്ത കാലത്ത് 1924 ലെ പ്രളയത്തെ തിരുവിതാംകൂര്‍ എങ്ങനെ മറികടന്നു എന്നതിന്റെ വിവരണമാണ് അന്നത്തെ ലാന്റ് റവന്യു ആന്‍ഡ് ഇന്‍കം ടാക്‌സ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. 1924 ആഗസ്റ്റ് 28 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഡപ്യൂട്ടേഷന്റെ റിപ്പോര്‍ട്ടും തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അന്നത്തെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്.

അതില്‍ നിന്ന് കിട്ടുന്ന വിവരങ്ങളെ ഇങ്ങനെ വായിച്ചെടുക്കാം:

ആപല്‍ സന്ധി തരണം ചെയ്യാനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ ഒരു വെള്ളപ്പൊക്ക ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചു.സര്‍ കൃഷ്ണനു പകരമായി ബ്രിട്ടീഷ് പ്രവശ്യയായ മദിരാഗായില്‍ നിന്ന് താല്‍ക്കാലികമായി നിയമിച്ച കഴിവുറ്റ ഉദ്യോഗസ്ഥനായ ദിവാന്‍ ടി.രാഘവയ്യ ചുറുചുറുക്കോടെ മുന്‍കൈയ്യെടുത്ത് പ്രാഥമിക സഹായങ്ങള്‍ക്കായി പ്രളയബാധിത പ്രദേശങ്ങളിലേക്ക് കനത്ത തുകകള്‍ എത്തിച്ചു കൊടുത്തു മൂലം തിരുനാള്‍ തിരുവനന്തപുരത്ത് മരണം കാത്തു കിടക്കുമ്പോള്‍ ഇദ്ദേഹം പാരമ്പര്യവാദികളുടെ അഭിപ്രായങ്ങള്‍ വകവക്കാതെ ഇദ്ദേഹം കെടുതിയില്‍ അകപ്പെട്ട ഓരോ പ്രദേശത്തും നേരിട്ട് ചെന്നെത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ആയിരകണക്കിന് അഭയാര്‍ത്ഥികള്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും അഭയകേന്ദ്രങ്ങള്‍ തുറന്ന് ഭക്ഷണം എത്തിച്ചു കൊടുത്തു. അമ്പലപ്പുഴയില്‍ 4000 ആലപ്പുഴയില്‍ 3000, കോട്ടയത്ത് 5000, ചങ്ങനാശേരിയില്‍ 3000, പറവൂര്‍ 8000 എന്നിങ്ങനെ ആയിരുന്നു അഭയ കേന്ദ്രങ്ങളിലെ ആളുകളുടെ എണ്ണം.

രാജ്യം കനത്ത നഷ്ടങ്ങള്‍ നേരിട്ടു.ആ വര്‍ഷത്തെ വിളവ് പൂര്‍ണമായും നശിച്ചുപോയി. മാന്നാര്‍ ദുരിതാശ്വാസ പ്രതിനിധി സംഘത്തിന്റെ കണക്കു പ്രകാരം മദ്ധ്യതിരുവിതാംകൂറിന്റെ ആ ഗ്രാമത്തിന്റെ ചുറ്റുവട്ടത്തു മാത്രം 500 വീടുകളും 200 തെങ്ങിന്‍ തോപ്പുകളും 1000 ഏക്കര്‍ ഭൂമിയും 640000 കിലോഗ്രാം ധാന്യവും നശിച്ചുപോയിട്ടുണ്ട്. ഏറ്റവും ഫലഭൂയിഷ്ടമായ ഭാഗങ്ങളില്‍ നിന്ന് വ്യസനകരമായ വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.ഏറ്റവും കൂടുതലായി ബാധിക്കപ്പെട്ട പ്രദേശങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. കാര്‍ഷിക വായ്പകള്‍ക്കായി 4 ലക്ഷം രൂപ നല്‍കി. വീടുകള്‍ പുതുക്കി പണിയുന്നതിനും തുക നല്‍കി. പാവങ്ങള്‍ക്ക് വീട് കെട്ടുന്നതിനുള്ള മുളയും മറ്റ് ആവശ്യസാധനങ്ങളും സൗജന്യമായി കൊടുക്കാന്‍ വനംവകുപ്പിന് നിര്‍ദേശം നല്‍കി. കമ്പോള നിലവാരം ഇളകാതെ പിടിച്ചു നിര്‍ത്തി. ധാന്യ ദൗര്‍ലഭ്യം പരിഹരിക്കാനും വിലക്കയറ്റം തടയാനും സര്‍ക്കാര്‍ സൗജന്യമായി കപ്പ വിതരണം ചെയ്തു.

റാണി സേതുലക്ഷ്മി ബായി ആഗസ്റ്റ് 28ന് ഇറക്കിയ ഉത്തരവ് പ്രകാരം കാര്‍ഷിക വായ്പക്കായുള്ള തുക അഞ്ചര ലക്ഷമാക്കി ഉയര്‍ത്തി. എല്ലാ ജില്ലാതല ഉദ്യോഗസ്ഥന്‍മാരും അപേക്ഷകരോട് ഏറ്റവും ദയ വോടും താമസമുണ്ടാക്കാതെയും സഹകരിക്കണമെന്നും ഉത്തരവിറങ്ങി. വായ്പകളുടെ പലിശനിരക്ക് 6.25 ല്‍ നിന്ന് 6 ശതമാനമാക്കി കുറച്ചു. ആളൊന്നുക്ക് 500 രൂപ വീതം നല്‍കി അവരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തരാക്കി.റോഡുകളും അടിസ്ഥാന സൗകരങ്ങളും മെച്ചപ്പെടുത്താന്‍ പണം അനുവദിച്ചു.

സെപ്റ്റംബര്‍ മാസത്തോടെ ജീവിതം പഴയപടി ആയി തുടങ്ങി.

കുറിപ്പ്: 1924ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് കീഴില്‍ ഒരു അണക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാറില്‍ കണ്ണന്‍ദേവന്‍ തേയില തോട്ടത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന പള്ളിവാസല്‍ വൈദ്യുത പദ്ധതിയുടെ അണക്കെട്ട്. അത് തകര്‍ന്നു. പഴയ ആലുവ- മൂന്നാര്‍ റോഡ് തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാം മദിരാശി സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്നു.