ആഘോഷങ്ങള്‍ക്കിടെ വീടിന് തീപിടിച്ചു; മൂന്ന് ഇന്ത്യക്കാരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ചത്.  ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു. അതേസമയം, തീപിടിത്തത്തിൽ വീട്ടുടമയുടെ ഭർത്താവ് ഡാനിയേൽ കോഡ്രിറ്റും മകൻ കോലി (13)യും രക്ഷപെട്ടു. തീപിടിത്തമുണ്ടായപ്പോൾ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാരമായി പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെക്കുറിച്ച് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നെങ്കിലും ആരേയും രക്ഷിക്കാനായില്ല.

തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ നെരേരുഗുമ്മ സ്വദേശികളായ ശ്രീനിവാസ് നായിക്കിന്റെയും ഭാര്യ സുജീതയുടെയും മക്കളാണ് മരിച്ച സഹോദരങ്ങൾ. ശ്രീനിവാസ് അമേരിക്കയിലെ ഒരു പള്ളിയിലെ പുരോഹിതനാണ്. മിസിസിപ്പയിലെ ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലാണ് മൂവരും പഠിച്ചിരുന്നത്.  ശ്രീനിവാസനും ഭാര്യയും കഴിഞ്ഞ വർഷമാണ് തെലങ്കാനയിലേക്ക് മടങ്ങിയത്. അവധിക്ക് സ്കൂൾ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയില്ല. കോഡ്രിറ്റ് കുടുംബത്തിന്‍റെ ക്ഷണപ്രകാരമാണ് സഹോദരങ്ങൾ ഇവിടെ താമസിക്കാനെത്തിയത്. ചര്‍ച്ച് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കൾ അമേരിക്കയിലെത്തി.